തിരൂർ/മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ഏഴൂർ സ്വദേശിയായ ഹോട്ടൽ ഉടമ മേച്ചേരി വീട്ടിൽ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിൽ സിദ്ദീഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി, ഫർഹാന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാൾക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടലുണ്ട്.
ഈ മാസം 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന് തെളിവ് ലഭിച്ചത്.
ഹോട്ടലിൽ സിദ്ദീഖടക്കം മൂന്ന് പേരാണ് മുറിയെടുത്തത്. എന്നാൽ, തിരിച്ചുപോയത് രണ്ടുപേർ മാത്രമാണ്. സി.സി.ടി.വിയിൽ, രണ്ടുപേർ ഒരു ബാഗുമായി പോവുന്നതായി പൊലീസ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സാധിച്ചത്. അഗളിയിലെ കൊക്കയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. ഇത് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തി തിരൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്.സിദ്ദീഖിന്‍റെ ഭാര്യ: സക്കീല. മക്കൾ: സുഹൈൽ, ശിഹാസ് , ഷാഹിദ്, ഷംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.