കുമളി: പൊലീസ് അകമ്പടിയിൽ മൂന്നാർ ചുറ്റിക്കണ്ട തമിഴ്നാട് പൊലീസ് 'അസിസ്റ്റൻറ് കമീഷണർ' അകത്തായി. ഒരേ റാങ്കിെല ഉദ്യോഗസ്ഥന് സല്യൂട്ട് നൽകിയതാണ് വ്യാജന് വിനയായത്. ചെന്നൈ തെൻപളനി നഗർ സുഹാസിനി അപ്പാർട്മെൻറിൽ വിജയനെയാണ് (41) ദിണ്ഡുഗൽ എസ്.പിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രി വത്തലഗുണ്ട് പട്ടിവീരൻപെട്ടിയിൽനിന്ന് പൊലീസ് പിടികൂടിയത്.
ലോറിക്കച്ചവടവും ഇടക്ക് ടൂറിസ്റ്റ് ഗൈഡുമായി നടന്നിരുന്ന വിജയൻ പ്ലേ സ്കൂൾ അധ്യാപികയായ ഭാര്യയെ സന്തോഷിപ്പിക്കാനാണ് അസിസ്റ്റൻറ് കമീഷണറായി വേഷംകെട്ടിയത്. തമിഴ്നാട്ടിൽ ക്രൈം കേസുകൾ അന്വേഷിക്കുന്ന ക്യൂ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണറായിട്ടായിരുന്നു വിജയെൻറ ആൾമാറാട്ടം. ഇതിന് പൊലീസ് ഉപയോഗിക്കുന്ന തരത്തിെല ജീപ്പും സൈറണും തോക്കും എല്ലാം സംഘടിപ്പിച്ചിരുന്നു.
മാസങ്ങൾക്കുമുമ്പ് മൂന്നാറിലെത്തി ലോക്കൽ പൊലീസിെൻറ സഹായത്തോടെ പ്രദേശമെല്ലാം ചുറ്റിക്കണ്ട് മടങ്ങി. കഴിഞ്ഞദിവസം വീണ്ടും 'കേരള സന്ദർശന'ത്തിെൻറ ഭാഗമായി കട്ടപ്പനയിലെത്തി ഡിവൈ.എസ്.പിയെ കണ്ട് സല്യൂട്ട് കൊടുത്തതോടെയാണ് പണി പാളിയത്.
പോകാൻ നേരം ഒരേ റാങ്കിെല ഉദ്യോഗസ്ഥന് സല്യൂട്ട് നൽകിയതും പുത്തൻ യൂനിഫോമും സംശയത്തിനിടയാക്കി. വിജയൻ വന്ന വാഹനത്തിെൻറ നമ്പർ പരിശോധിച്ചപ്പോൾ അത് തമിഴ്നാട് പൊലീസിെൻറ ഔദ്യോഗിക വാഹനപ്പട്ടികയിൽ കാണാത്തതും സംശയം ബലപ്പെടുത്തി. വിവരം തമിഴ്നാട് പൊലീസിന് കൈമാറിയതോടെ 'അസിസ്റ്റൻറ് കമീഷണറെ' വരവേൽക്കാൻ ദിണ്ഡുഗൽ പൊലീസ് രാത്രി വഴിയിൽ കാത്തിരുന്നു. പൊലീസ് വഴി തടഞ്ഞതോടെ തിരിച്ചറിയൽ കാർഡും തോക്കും വലിച്ചെറിഞ്ഞ് കടന്നുകളയാനായി ശ്രമം. വിജയനെ വളഞ്ഞ് പിടികൂടിയ പൊലീസ് ഇയാൾ നടത്തിയ യാത്രകൾ, ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പൊലീസിേൻറതെന്ന വ്യാജേന വിജയൻ ഉപയോഗിച്ച വാഹനത്തിെൻറ ടി.എൻ 37 ജി 0515 നമ്പർ വ്യാജമാണെന്നും വാഹനം കോയമ്പത്തൂർ സ്വദേശി ജയ മീനാക്ഷിയുടെ ടി.എൻ 37 ഡി.ജെ 0515 നമ്പറിെല വാഹനമാണെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.