കുറ്റിപ്പുറം: മോഷ്ടാക്കളെ പിടികൂടാൻ കർമ പദ്ധതിയുമായി കുറ്റിപ്പുറം പൊലീസ്. വീടുകളിൽ അലാം ഘടിപ്പിച്ചും ബോധവത്കരണ സന്ദേശം നൽകിയുമാണ് കാമ്പയിൻ. അടുത്തിടെ കുറ്റിപ്പുറം സ്റ്റേഷൻ പരിധിയിൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ജനമൈത്രി ബീറ്റ് ഓഫിസർമാർ മുഖേന ബോധവത്കരണവുമായി പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
പകലും രാത്രിയും കള്ളന്മാരെ പിടിക്കാനായി പ്രത്യേക പട്രോളിങ് സംഘങ്ങളെ കാൽനടയായും ബൈക്കിലും നിയോഗിച്ചിട്ടുമുണ്ട്. ഈ സംഘങ്ങൾ വീടുകളിൽ നേരിട്ടെത്തി സംസാരിച്ചും ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം നടത്തിയുമാണ് പ്രവർത്തനം നടത്തുന്നത്.
ഇവർ തന്നെ താൽക്കാലികമായി പൂട്ടി പോയ വീടുകൾ കണ്ട് പിടിച്ച് അവിടങ്ങളിൽ കള്ളന്മാരെ പിടിക്കാൻ സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. ഈ താൽക്കാലിക സംവിധാനം പൊലീസ് സൗജന്യമായി ഒരുക്കി നൽകുന്നു.
ഏതാനും ദിവസത്തേക്ക് ഈ സംവിധാനം ആവശ്യമുള്ളവർക്ക് ചെറിയ വാടക നൽകിയാൽ ഇത് സ്വകാര്യ ഏജൻസികൾ ഏർപ്പാടാക്കി നൽകും. അതുമല്ലെങ്കിൽ 300 രൂപയിൽ താഴെ ചെലവിൽ ഓൺലൈൻ സ്റ്റോറുകളിലും ഉപകരണം ലഭ്യമാണ്. ഈ 'കെണി' വെച്ച വീടുകളിൽ കള്ളന്മാർ എത്തിയാൽ പൊലീസ് സ്റ്റേഷനിലും വീട്ടുടമയുടെയും അയൽക്കാരുടെയും ഫോണുകളിൽ വിവരമെത്തും. ഉടൻ തന്നെ ജനങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടാമെന്ന് പൊലീസ് പറയുന്നു.
ഇക്കാര്യങ്ങൾ നിരന്തരം മാധ്യമങ്ങൾ വഴി അറിയിച്ചിട്ടും വീടുപൂട്ടി പോകുന്നവർ സംവിധാനം ഉപയോഗപ്പെടുത്താത്തതിനാലാണ് ജില്ല പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈ.എസ്.പിയുടെയും നിർദേശപ്രകാരം പൊലീസുകാർ നോട്ടീസുമായി ഗൃഹസന്ദർശനത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.