തട്ടിപ്പുകേസിൽ പിടിയിലായ ദിജിൽ സൂരജ്

വ്യാജ എൻജിനീയർ ഒാർഡർ നൽകിയത്​ 10 ടൺ കമ്പിക്ക്​; വ്യാപാരിക്ക്​ നഷ്​ടമായത്​ ഏഴര ലക്ഷം

താമരശ്ശേരി: കടയുടമയെ കബളിപ്പിച്ച് ഏഴരലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. താമരശ്ശേരിക്കടുത്ത് കോരങ്ങാട് സിമൻറ്​ ഹൗസ് എന്ന സ്ഥാപനത്തില്‍നിന്ന്​ ഉടമയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപ വില വരുന്ന 10 ടണ്‍ വാര്‍ക്ക കമ്പി തട്ടിയെടുത്ത കണ്ണൂര്‍ താവക്കര, സമീര്‍ കോട്ടേജ് ദിജില്‍ സൂരജിനെയാണ് (34) താമരശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

നവംബര്‍ 27ന് സിവിൽ എൻജിനീയര്‍ ആണെന്ന് പറഞ്ഞ്​ 10 ടണ്‍ കമ്പിക്ക് ഓര്‍ഡര്‍ നല്‍കി. പിറ്റേന്ന് രാവിലെ അണ്ടോണ എന്ന സ്ഥലത്ത്​ നിര്‍മാണം നടക്കുന്ന ഒരു വീടിന്​ സമീപം റോഡരികില്‍ കടയുടമ ഇറക്കിയ കമ്പികള്‍ അന്ന് രാത്രി 12ഓടെ മറ്റൊരു ലോറിയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. രാവിലെ കമ്പി ഇറക്കിയ സ്ഥലത്തെത്തിയ കടയുടമ കമ്പി കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കടയുടമക്ക് വണ്ടിചെക്ക് നല്‍കി മുങ്ങിയ പ്രതിയെ കോട്ടക്കല്‍ ലോഡ്ജില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

രാത്രിയില്‍ കടത്തിക്കൊണ്ടുപോയ കമ്പി വയനാട് കോട്ടത്തറ ഇറക്കിയശേഷം വയനാട്ടിലെ പടിഞ്ഞാറത്തറയിലെ മറ്റൊരു കടയില്‍ വില കുറച്ച്​ വിറ്റിരുന്നതായും വില്‍പന നടത്തിയ ഒമ്പത്​ ടണ്ണോളം കമ്പി കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സമാനരീതിയില്‍ മറ്റു സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. സ്മാര്‍ട്ട് ബില്‍ഡേഴ്​സ്​ എന്ന പേരില്‍ വ്യാജസ്ഥാപനം തുടങ്ങിയാണ് പ്രതി തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് സഹായിച്ചവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫി​െൻറ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ടി.എ. അഗസ്​​റ്റിന്‍, എസ്‌.ഐമാരായ വിനോദ് ചെറൂപ്പ, രാജീവ് ബാബു, വി.കെ. സുരേഷ്, പി. ബിജു, മണിലാല്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.


Tags:    
News Summary - The trader lost Rs 7.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.