കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൺ മാവുങ്കലിനെതിരെയുള്ള വിചാരണ നടപടികൾ എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതിയിൽ തുടങ്ങി. വിചാരണയുടെ ഭാഗമായി കോടതി കഴിഞ്ഞ ദിവസം മോൻസണിനെതിരെ കുറ്റം ചുമത്തുകയും സാക്ഷികൾക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു.
2009ലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടർപഠനത്തിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 17കാരിയെ പീഡിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും പതിമൂന്നോളം വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസ് അടക്കം പതിനാറോളം കേസുകളുള്ള മോൻസൺ അറസ്റ്റിലായ അന്ന് മുതൽ വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. മോൻസണിന്റെ മാനേജറായ ജോഷിക്കെതിരെയും പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് നിലവിലുണ്ട്. ജോഷിയുടെ കേസിൽ രണ്ടാം പ്രതിയാണ് മോൻസൻ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റസ്തത്തിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് വിചാരണ നടത്തുന്നത്.
മോൻസണിന്റെ ജാമ്യഹരജി 24ന് പരിഗണിക്കും
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരയാക്കിയതടക്കം പീഡനക്കേസുകളിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കോടതിമുറിയിൽ വാദിക്കാൻ അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ തുടർന്ന് ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കാൻ നേരത്തേ മാറ്റിയിരുന്നു. എന്നാൽ, ഹരജിക്കാരന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് പി. ഗോപിനാഥ് വീണ്ടും ഹരജി മാറ്റുകയായിരുന്നു. ജീവനക്കാരിയുടെ മകൾക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.