ഭർത്താവിന് വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി തൂങ്ങിമരിച്ച നിലയിൽ; സംശയരോഗം ആരോപിച്ച് ബന്ധുക്കൾ

കന്യാകുമാരി: വിദേശത്തുള്ള ഭർത്താവിനോട് വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെതതിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവും കാരണം മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കിടപ്പറയിൽ മറ്റാരോ ഉണ്ടെന്ന സംശയം ഭർത്താവ് ഉന്നയിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കിടപ്പുമുറിയില്‍ ജ്ഞാനഭാഗ്യ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊട്ടാരം പഞ്ചായത്ത് ഓഫിസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ. പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ജ്ഞാനഭാഗ്യയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു.

ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ജ്ഞാനഭാഗ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി സെന്തില്‍ സംശയിച്ചിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ജ്ഞാനഭാഗ്യ മറ്റു പുരുഷന്മാരുമായി ഇടപഴകുന്നതില്‍ സെന്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും എല്ലാ ദിവസവും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ ഫോൺവിളിക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എട്ടുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം കഴിക്കുന്നതിനെ ജ്ഞാനഭാഗ്യയുടെ ബന്ധുക്കൾ എതിർത്തിരുന്നതായും റിപ്പോർട്ടുണ്ട്.

കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. എല്ലാദിവസവും ഇയാൾ ഭാര്യയോടും മക്കളോടും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. മുറിയില്‍ ഭാര്യയെയും കുട്ടികളെയും കൂടാതെ മറ്റാരോ ഉണ്ടെന്ന സംശയം സെന്തിൽ പ്രകടിപ്പിച്ചു. മറ്റാരും ഇല്ലെന്ന് തീർത്ത് പറഞ്ഞെങ്കിലും അത് കേൾക്കാൻ സെന്തിൽ തയ്യാറായില്ല.

മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടു. എന്നാൽ ഫോണിലെ വീഡിയോ കോൾ കട്ടാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനിൽ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു ജ്ഞാനഭാഗ്യ. ഈ ദൃശ്യം കണ്ട് ഭയന്ന് നിലവിളിച്ച സെന്തിൽ ഉടൻ തന്നെ വീട്ടിലുണ്ടായിരുന്നവരെ ഫോണിൽ വിളിച്ച് വിവരം പറയുകയായിരുന്നു.

Tags:    
News Summary - The woman hanged herself while making a video call to her husband; Relatives accused of suspicious illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.