പയ്യോളി: പട്ടാപ്പകൽ നഗരഹൃദയത്തിൽ യുവാവിനെ ക്വട്ടേഷൻ സംഘം മർദിച്ച് റോഡരികിൽ രക്തം വാർന്ന നിലയിൽ തള്ളി. പയ്യോളി പേരാമ്പ്ര റോഡിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് (35) കാറിൽ സഞ്ചരിച്ച നാലംഗസംഘം ക്രൂരമായി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചത്. മർദനമേറ്റ ജിനീഷ് പയ്യോളി - പേരാമ്പ്ര റോഡിലൂടെ ജീവരക്ഷാർഥം ഓടി.
അവശനായി വീണതോടെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശനായി നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് നാട്ടുകാരും പിന്നാലെ പോവുകയായിരുന്നു. ആക്രമികൾ പിന്നിലുണ്ടെന്ന ഭയത്തിൽ സമീപത്തെ വീടുകളിലേക്ക് ജിനീഷ് ഓടിക്കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലിൽ വീണ്ടും റോഡിലൂടെ ഓടി. ഒടുവിൽ നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം റോഡരികിൽ തളർന്ന് വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പയ്യോളി പൊലീസിനെ വിവരമറിയിച്ചു. സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന്റെ കാരണമെന്ന് കരുതുന്നു. പേരാമ്പ്രയിലെ ബാറിൽവെച്ച് പരിചയപ്പെട്ടവരാണ് കാറിൽവെച്ച് മർദിച്ചതെന്ന് ജിനീഷ് പറയുന്നു. സുഹൃത്തുമായി ബന്ധപ്പെട്ട് വിദേശത്തുണ്ടായ പണമിടപാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സംഘം എത്തിയത്.
തുടർന്ന് നാലംഗസംഘം കാറിൽ കയറ്റുകയും പയ്യോളിയിലെത്തുംവരെ മർദിച്ചുവെന്നും ബിയർ കുപ്പി കൊണ്ട് തലങ്ങും വിലങ്ങും തലക്കടിച്ചുവെന്നും ജിനീഷ് പറഞ്ഞു. പരിക്കേറ്റ ജിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.