മറയൂർ: മറയൂരിൽ തുടർച്ചയായ മോഷണങ്ങൾക്ക് പിന്നാലെ വീണ്ടും മോഷണം. കഴിഞ്ഞദിവസം അടച്ചിട്ട വീട്ടിൽനിന്ന് ഒമ്പത് പവൻ സ്വർണവും രണ്ടുകിലോ വെള്ളിയിൽ തീർത്ത ശിൽപങ്ങളും കവർന്നു. മറയൂർ പുതുച്ചിറവയലിൽ ഭാരതിദാസന്റെ വീട്ടിലാണ് മോഷണം നടന്നത്.
പുറകുവശത്തെ കതക് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഹാളിലും ഒന്നാം നിലയിലുമുള്ള അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണവും ശിൽപങ്ങളും കവർന്നത്.
വീടിനുള്ളിൽനിന്ന് കാറിന്റെ താക്കോൽ കൈക്കലാക്കിയ മോഷ്ടാക്കൾ പുറത്ത് നിർത്തിയിട്ട കാർ തുറന്നും മോഷണശ്രമം നടത്തി. ഭാരതിദാസനും ഭാര്യ വിജയലക്ഷ്മിയും ആലപ്പുഴക്ക് പോയ സമയത്താണ് സംഭവം.
ഇവർ തിരിച്ചെത്തിയ ശേഷമേ മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകൂ. സമീപത്തെ വീട്ടിലുള്ള പിതാവ് ഷൺമുഖവേലുവാണ് ഭാരതിദാസന്റെ വീട്ടിൽ രാത്രി ലൈറ്റിടുകയും മറ്റ് കാര്യങ്ങൾ നോക്കുകയും ചെയ്തിരുന്നത്. വീടിന്റെ ഹാളിലെ അലമാരയിലെ പെട്ടികൾ എല്ലാം തുറന്ന നിലയിലും വസ്ത്രങ്ങൾ ഉൾപ്പെടെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുമാണ്. എസ്.ഐ പി.ജി. അശോക് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരൽ അടയാള വിദഗ്ധരും ഡോക് സ്ക്വാഡുമായി പൊലീസ് സംഘവും സ്ഥലം സന്ദർശിച്ചു.
പൊലീസുകാരൻ പണം മോഷ്ടിച്ച സംഭവം: അന്വേഷണം തുടങ്ങി
നെടുങ്കണ്ടം: വ്യാപാര സ്ഥാപനത്തിൽനിന്ന് പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടിയ സംഭവത്തിൽ ഇന്റലിജൻസ് വിഭാഗവും സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. ഈ വിഭാഗങ്ങളിലെ സി.ഐ.മാരെയാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമലപ്പെടുത്തിയത്.
ഇതോടൊപ്പം പൊലീസ് അസോസിയേഷൻ സംഘടനാതലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസുകാരനെതിരെ നടപടി സ്വീകരിക്കാത്തതിൽ സേനക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. കഴിഞ്ഞ 24 നാണ് സംഭവം. പാമ്പനാറിലെ കടയിൽ നിന്നാണ് പൊലീസുകാരൻ 1000 രൂപ മോഷ്ടിച്ചത്. മറ്റ് വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തിയതോടെ ഇയാൾ 40,000 രൂപ നഷ്ട പരിഹാരം നൽകി തടിയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.