താനൂർ: വ്യാപാരികളെ ആശങ്കയിലാഴ്ത്തി താനൂരിലും പരിസരങ്ങളിലും മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം പുലർച്ച താനൂരിൽ നാല് കടകളിലായി നടന്ന മോഷണത്തിൽ അര ലക്ഷത്തോളം രൂപയാണ് കളവ് പോയത്. പുലർച്ച 2.45നാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
തെയ്യാല ബൈപാസ് റോഡിലെ ഹണി ബേക്കറി, ഒ.പി.കെ ബിൽഡിങ്ങിലുള്ള ബ്രദേഴ്സ് എന്റർപ്രൈസസ്, തിരൂർ റോഡിലുള്ള ബിജിലി എന്റർപ്രൈസസ്, വ്യാപര ഭവന് സമീപമുള്ള ഗറ്റ് ഫാസ്റ്റ് സൂപ്പർ മാർക്കറ്റ് എന്നീ കടകളിലാണ് മോഷണം നടന്നത്. ബേക്കറിയിൽ നിന്ന് 5000 രൂപ, ബിജ്ലിയിൽ നിന്ന് 8000 രൂപ, സൂപ്പർ മാർക്കറ്റിൽ നിന്ന് 35,000 രൂപ എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ ലോക്കിന്റെ കൊളുത്ത് പൊട്ടിച്ച് സമാനമായ രീതിയിലാണ് എല്ലാ കടകളിലും മോഷണം നടന്നിട്ടുള്ളത്. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം തന്നെ സമീപ പ്രദേശമായ താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും മോഷണശ്രമം നടന്നിരുന്നു.
'അന്വേഷണം ഊർജിതമാക്കണം'
താനൂർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പൂട്ടുപൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കണമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിക്ക് അകത്ത് കടന്ന മോഷ്ടാവ് ഫാർമസിയുടെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും അലമാരകൾ തുറന്ന് രേഖകൾ ഉൾപ്പെടെ വലിച്ച് പുറത്തിടുകയും ചെയ്തിരുന്നു. താനാളൂർ ഗ്രാമപഞ്ചായത്ത് പരിസരത്തെ നഗരസഭകളിൽ നിന്നും മറ്റും ദിനേന 600ലധികം പേർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തുന്നുണ്ട്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. ആശുപത്രി വികസന സമിതി അംഗങ്ങളായ മെഡിക്കൽ ഓഫിസർ ഡോ. ഒ.കെ. അമീന, ഹെൽത്ത് ഇൻസ്പെക്ടർ എം. സബിത, മുജീബ് താനാളൂർ, എൻ.പി. അബ്ദുൽ ലത്തീഫ്, ടി.പി. റസാഖ്, പി.പി. മുഹമ്മദ് ബഷീർ, വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.