നിലമ്പൂർ: വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ വിരലടയാളവിദഗ്ധർ, ഫോറൻസിക്, ഡോഗ് സ്കോഡ് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കുളക്കണ്ടം വടുവക്കര സൂസമ്മ മത്തായിയുടെ വീട്ടിലാണ് ചൊവാഴ്ച വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും മോഷണം നടന്നെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ഒരു സ്വർണമാലയും മോതിരവും വീട്ടിൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച കിട്ടി. മുക്കാൽ പവന്റെ നാല് വളകളും 80, 000 രൂപയുമാണ് നഷ്ടപ്പെട്ടത്.
കുളക്കണ്ടം ക്ഷീരസംഘം പ്രസിഡെന്റ് കൂടിയായ സൂസമ്മ മത്തായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ വീട് പൂട്ടി പോയിരുന്നു. ഏഴ് മണിയോടെ തിരിച്ചെത്തി. ഇതിനിടെയാണ് മോഷണം. വീടിന്റെ പിൻഭാഗത്ത് ഉണ്ടായിരുന്ന കോണി ഉപയോഗിച്ച് കയറിയ ശേഷം മഴു കൊണ്ട് പിൻഭാഗത്തെ വാതിൽ കൊളുത്തിന്റെ ഭാഗം പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു.
മൂന്നാഴ്ചക്കുള്ളിൽ നിലമ്പൂരിൽ മൂന്നാമത്തെ മോഷണമാണിത്. ചന്തക്കുന്ന് ഫാത്തിമഗിരി റോഡിൽ കളത്തിങ്ങൽ ജമീലയുടെ വീട്ടിൽ നിന്ന് 14 ന് രാത്രി 6.5 പവന്റെ സ്വർണാഭരണങ്ങളും 60,000 രൂപയും കവർന്നിരുന്നു. മുഖം മൂടി ധരിച്ച മൂന്ന് പേർ വീടിന്റെ ചുറ്റും നടക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ആറ് ദിവസം മുമ്പ് അയ്യാർപൊയിലിലെ കരകൗശല വസ്തു നിർമാതാവ് പൂളവീട്ടിൽ അബ്ദുൽ അസീസിന്റെ പണിശാലയിൽ നിന്ന് ശിൽപങ്ങൾ, ഉപകരണങ്ങൾ എന്നിവയും മോഷ്ടിച്ചിരുന്നു. ഇവയിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും കവർച്ച. നിലമ്പൂർ ചില്ലിങ് പ്ലാൻറിന് സമീപത്തെ ഒരു വീട്ടിലും കഴിഞ്ഞദിവസം മോഷണം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.