കിളികൊല്ലൂർ: പെട്രോൾ പമ്പിൽനിന്നു പണം മോഷ്ടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. നീണ്ടകര ദളവാപുരം ബിനു ഭവനിൽ വിജയ് ആണ് (20) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി 22ന് പുലർച്ച 1.30ഓടെ അപ്സര ജങ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ കാബിനുള്ളിൽ കടന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാളും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിച്ചത്. പമ്പ് ജീവനക്കാർ ഉറക്കത്തിലായിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്നുകളയുകയായിരുന്നു. പണം മോഷണം പോയതായി മനസ്സിലാക്കിയ പെട്രോൾ പമ്പ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിലായിരുന്ന പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഇവർക്കായുള്ള തിരച്ചിൽ നടത്തിവരവെയാണ് പ്രതിയായ വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.