ആലങ്ങാട്: ആരാധനാലയങ്ങളുടെ നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് മോഷണം. ചരിത്രപ്രസിദ്ധമായ ആലങ്ങാട് കുന്നേൽ പള്ളിയുടെ കപ്പേളയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് നേർച്ചക്കുറ്റികളും കുന്നേൽ എഴുവച്ചിറ, തിരുവാലൂർ എസ്.എൻ.ഡി.പിയുടെ ഭണ്ഡാരങ്ങളും കുത്തിത്തുറന്നായിരുന്നു മോഷണം. ചൊവ്വാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. അന്നേ ദിവസം പുലർച്ച 2.30ഓടെ ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങ മാരായിൽ ക്ഷേത്രത്തിെൻറ സമീപത്തെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പള്ളിയുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നത്. നേർച്ചക്കുറ്റിയുടെ പുറത്തെ പൂട്ട് തല്ലിപ്പൊളിച്ച നിലയിലായിരുന്നു.
കപ്പേളയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന നേർച്ചക്കുറ്റി തുറന്നുകിടക്കുന്നതുകണ്ട സമീപവാസി പള്ളിയിലെ കമ്മിറ്റിക്കാരെയും വികാരിയെയും വിവരമറിയിക്കുകയായിരുന്നു. കപ്പേളകളുടെ നേർച്ചക്കുറ്റിയിൽനിന്ന് ഏകദേശം 4500രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു.
ശ്രീനാരയണഗുരു പ്രതിമയുടെ സമീപത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളിൽനിന്ന് 3500 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. ആലങ്ങാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കപ്പേളയുടെ സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. കൊടുവഴങ്ങ ക്ഷേത്രത്തിൽ മോഷണം നടത്തി എന്ന് പൊലീസ് സംശയിക്കുന്ന ബൈക്കിലെത്തിയ രണ്ടുപേർ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.