ഉള്ള്യേരി: ആനവാതിൽ വി കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മലപ്പുറം ചെട്ടിപ്പടി കിഷോർ (23), തേഞ്ഞിപ്പലം ചേളാരി അബ്ദുൽ മാലിക്ക് (20) എന്നിവരാണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം. സംഭവസമയത്ത് നല്ല മഴയും ഉണ്ടായിരുന്നു. ക്ലിനിക്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 20,000 രൂപയോളം മോഷ്ടിച്ചിരുന്നു.
മഴക്കോട്ടും ഹെൽമറ്റും ധരിച്ച് തിരിച്ചറിയാൻപറ്റാത്ത വിധത്തിലായിരുന്നു മോഷ്ടാവ് അകത്ത് കയറിയത്. രണ്ടാമൻ ക്ലിനിക്കിന് പുറത്ത് കാവൽനിൽക്കുകയായിരുന്നു. മോഷണം നടത്തുന്നതിന്റെയും ബൈക്കിൽ തിരികെ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവം നടന്ന് രണ്ടാം ദിവസം പ്രതികളെ പിടികൂടാൻ സഹായിച്ചത്. സി.ഐ പി.കെ. ജിതേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ. രാജീവ്, കെ. ഷിനിൽ, പി.ടി. രതീഷ്, കെ.എം. അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സമീപകാലത്ത് നടന്ന മറ്റു മോഷണക്കേസുകളിലും പങ്കാളികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.