കോഴിക്കോട്: പൊലീസിനെ വട്ടംകറക്കി മോഷണം പതിവാക്കിയ പ്രായപൂർത്തിയാവാത്തയാൾ പിടിയിൽ. കരുവിശ്ശേരി സ്വദേശിയെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പും പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇരുചക്രവാഹനങ്ങളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഇരുപതോളം കേസുകൾക്ക് തെളിവായി. എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുമാത്രം നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചതായി വിവരം ലഭിച്ചു.
വിവിധ ജില്ലകളിലെ പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ആക്റ്റീവ, ആക്സസ് ഇനത്തിൽപെട്ട സ്കൂട്ടറുകളാണ് കൂടുതലായും കവർന്നത്. മോഷ്ടിച്ച സ്കൂട്ടറുകൾ കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണ് ഇയാളുൾപ്പെടുന്ന സംഘത്തിന്‍റെ രീതി. മോഷണം നടത്തിയ വാഹനങ്ങളിൽ കറങ്ങി കടകളിലും മറ്റും കവർച്ച നടത്തിയതായും കണ്ടെത്തി. കല്പറ്റയിൽനിന്ന് ആക്സസ്, അത്തോളിയിൽനിന്ന് ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, കാക്കൂരിൽനിന്ന് ഹീറോ ഹോണ്ട പാഷൻ, ആക്ടീവ, പുതിയറയിൽനിന്ന് ആക്സസ്, കോഴിക്കോട് ബൈപാസിൽ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററികൾ, ഇരുമ്പുസാധനങ്ങൾ എന്നിവ കവർന്നതായി പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. കല്പറ്റയിലെ ആക്രിക്കട, കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇൻഷ മൊബൈൽ ഷോപ്പിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, പവർ ബാങ്ക് എന്നിവയും കവർന്നു. ചുണ്ടേലുള്ള ട്വൻറി ഫോർ സൂപ്പർമാർക്കറ്റിലും മോഷണം നടത്തി. ദിവസങ്ങൾക്കുമുമ്പ് പാലാഴിയിലെ ഹൈലൈറ്റ് മാൾ പരിസരത്തുനിന്നും സ്കൂട്ടർ മോഷണംപോയ സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുട്ടികൾ കൂടുതലായി മോഷണത്തിലേക്ക് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചതായും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ് പറഞ്ഞു.
സംഘത്തിൽപെട്ട മറ്റുള്ളവർ ഉടൻ പിടിയിലാകും. ഇയാൾ ലഹരിസംഘങ്ങളുമായി ബന്ധം പുലർത്തിയതായി ഫോൺ രേഖകളിൽനിന്ന് വ്യക്തമായി. മോഷണങ്ങൾക്കും ലഹരിക്കും വേണ്ടി 'റോബറി' എന്നപേരിൽ വാട്സ് ആപ് ഗ്രൂപ് തന്നെയുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് സ്പെഷൽ ആക്ഷൻ ഗ്രൂപ് ഇയാളടങ്ങുന്ന സംഘത്തെ പിടികൂടിയിരുന്നു. സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, പന്തീരാങ്കാവ് ഇൻസ്പെക്ടർ ഗണേശൻ, സബ് ഇൻസ്പെക്ടർ ധനഞ്ജയദാസ്, സിവിൽ പൊലീസ് ഓഫിസർ സബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.