സജീവൻ, രാജു

ബൈക്കിൽ കറങ്ങി മാല പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി മണലൂര്‍ സ്വദേശി ചക്കമ്പില്‍ രാജു (46), പുളിക്കല്‍ സജീവന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചാലിശ്ശേരി, കാട്ടൂര്‍ എന്നിവിടങ്ങളു​ൾപ്പെടെ തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന്​ മാല പൊട്ടിച്ചതിന്​ രാജുവിന്‍റെ പേരില്‍ കേസുണ്ട്. സജീവനും അടിപിടി, കവര്‍ച്ച, തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.

തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ്​ ഇവർ കവരുന്നത്​. ജൂണ്‍ 23ന് വലമ്പൂരില്‍ റെയിൽവേ ലൈനിന്​ സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍, ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ എന്നിവ ശേഖരിച്ചാണ്​ അന്വേഷണം നടത്തിയത്​.

പ്രതികള്‍ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പര്‍പ്ലേറ്റ് ​വെച്ച ശേഷം തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഉള്‍റോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ടൗണില്‍ വെച്ച് ബൈക്ക് സഹിതം പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാജീവൻ, പ്രൊബേഷന്‍ എസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീര്‍ എന്നിവരും പെരിന്തല്‍മണ്ണ ആൻറി നാർക്കോട്ടിക് സ്ക്വാഡും ഉണ്ടായിരുന്നു.

പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - theft; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.