അടൂർ: കരുവാറ്റയിൽ ആൾത്താമസമില്ലാത്ത അഞ്ച് വീടുകളിൽ മോഷണശ്രമം. മോഷണത്തിനെത്തിയവർ ഒരു വീട്ടിലെ അടുക്കളയിൽനിന്ന് സാധനങ്ങളെടുത്ത് കാപ്പിയിട്ട് കുടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മടങ്ങിയത്. വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ ആലീസ് വർഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മൻമോഹൻ വീട്ടിൽ രമാദേവി, അഷ്ടമിയിൽ സുഭാഷ് സുകുമാരൻ, അറപ്പുരയിൽ ഗീവർഗീസ് തോമസ് എന്നിവരുടെ വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷണശ്രമം. അറപ്പുരയിൽ വീടിന്‍റെ ഗൃഹപ്രവേശനം രണ്ടുമാസം മുമ്പാണ് നടന്നത്.
ഈ വീടിന്‍റെ കിച്ചൻ ക്യാബ്, തടി അലമാര, ഷോകേസ് എന്നിവ നശിപ്പിച്ചു. മറ്റത്തിൽ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് കാമറകൾ നശിപ്പിച്ചു. തിരുവനന്തപുരത്തായിരുന്ന വീട്ടുടമസ്ഥർക്ക് ഇവിടത്തെ ദൃശ്യങ്ങൾ കാമറയിലൂടെ ലഭിച്ചു. വെള്ളിയാഴ്ച പുലർച്ച 2.44 വരെ കാമറയിൽനിന്ന് ഇവർക്ക് ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിൽ ഒരു കാമറയിൽ ആരോ പോകുന്ന നിഴൽ ദൃശ്യമായിരുന്നതായി വീട്ടുടമ പറഞ്ഞു. അതിന് ശേഷമാകാം മുൻവശത്തെ കാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച കാമറ വീടിന് സമീപത്തുനിന്നും കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ച 3.40 വരെ അടുക്കളയിൽ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പിറകിലെ കാമറയിൽനിന്ന് മനസ്സിലാകുന്നതായി വീട്ടുകാർ പറഞ്ഞു. ഈ വീട്ടിലെ അടുക്കളയിൽനിന്ന് പാത്രമെടുത്ത് ഏലക്ക കാപ്പിയിട്ട് കുടിച്ച ശേഷമാണ് മോഷ്ടാക്കൾ പോയത്. സിറ്റൗട്ടിൽ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു. അടൂർ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.