തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകല്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി സ്കൂട്ടറിലെത്തിയ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഇടപ്പഴഞ്ഞി സി.എസ്.എം നഗറില്‍ 'അഞ്ജനം' വീട്ടിലെ മോഷണ ശ്രമത്തിനിടെയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന രണ്ട് പേരാണ് മോഷ്ടാക്കള്‍. മോഷണം തടയാന്‍ ശ്രമിച്ച ആളുകൾക്ക് നേരെയും പിന്നീട് ശ്രീകണ്‌ഠേശ്വരത്ത് പൊലീസുകാര്‍ക്ക് നേരെയും തോക്ക് ചൂണ്ടിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മലയിന്‍കീഴ് ഗേള്‍സ് എച്ച്.എസ്.എസിലെ പ്രധാനാധ്യാപികയായ സിന്ധുവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മുന്‍വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടുത്ത സ്ഥാപനത്തിലെ ജീവനക്കാരനായ ലാല്‍ കണ്ടത്. മോഷ്ടാക്കളെക്കണ്ട് അകത്തേക്ക് ചെന്നപ്പോള്‍ ഇവര്‍ ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാന്‍ ശ്രമിച്ചു.
സ്‌കൂട്ടറിന്റെ താക്കോല്‍ ലാല്‍ ഊരിയെടുത്തപ്പോൾ വാഹനത്തിന് പിറകിലിരുന്നയാള്‍ തോക്കെടുത്ത് ലാലിന് നേരെ ചൂണ്ടി. ലാല്‍ ഓടിമാറിയപ്പോള്‍ ഇവര്‍ സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓടിക്കൂടിയവർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി. തുടര്‍ന്ന് ഇവരുടെയും വാഹനത്തിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് സ്‌റ്റേഷനുകള്‍ക്കും പട്രോളിങ് വാഹനങ്ങള്‍ക്കും കൈമാറി.
പൊലീസ് തിരച്ചിലിനിടയിലാണ് വഞ്ചിയൂര്‍ സ്‌റ്റേഷനിലെ ബൈക്ക് പട്രോളിങ് സംഘം ശ്രീകണ്‌ഠേശ്വരത്തിന് സമീപത്തെ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ഇവരെ കണ്ടെത്തിയത്. അവിടെയും പൊലീസിനുനേരെ തോക്കുചൂണ്ടി ഇവര്‍ കടന്നു. വാഹനത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാലാണ് ഇവര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ കയറിയത്.
മോഷ്ടാക്കള്‍ ഈഞ്ചക്കല്‍ ബൈപ്പാസുവരെ എത്തിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനായിട്ടില്ല. വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. ഇവര്‍ ഉപയോഗിച്ചത് മോഷണ വാഹനമാകാമെന്നാണ് പൊലീസ് കരുതുന്നത്. കഴക്കൂട്ടം സ്വദേശിയുടെ വാഹനത്തിന്‍റെ നമ്പറാണിത്.
എന്നാൽ, ഇദ്ദേഹം വിദേശത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും മോഷണശ്രമം നടന്ന വീട്ടില്‍ പരിശോധന നടത്തി. മോഷ്ടാക്കൾക്കായി രാത്രികാല പരിശോധന ഉൾപ്പെടെ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.