തിരുവല്ലം: തിരുവല്ലം വണ്ടിത്തടത്ത് സഹോദരനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് വെച്ചെന്ന് പ്രതി. ശേഷം സമീപത്തെ പുരയിടത്തിലെത്തി കൊലപാതക വിവരം പ്രതി പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. പറയൻവിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ-ബേബി ദമ്പതികളുടെ മകൻ കൊച്ചുകണ്ണൻ എന്ന രാജ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലിയകണ്ണൻ എന്ന ബിനു(46)വിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 27നാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. അന്നേദിവസം രാവിലെ 11ഓടെ കൊല്ലപ്പെട്ട രാജിനെ വണ്ടിത്തടത്തെ ഒരു ലോട്ടറി കടയിൽ കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയോടെ അടിപിടി കൂടുന്നതിനിടയിൽ അനിയനെ വീട്ടുമുറ്റത്തുവെച്ച് അടിച്ചുകൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തുടർന്ന് വീടിന് പിന്നിൽ അടുത്ത പുരയിടത്തിലേക്ക് ചാഞ്ഞുകിടക്കുന്ന മരത്തിൽ കയറിയ പ്രതി ബിനു ഇവിടെ മദ്യപിച്ചിരുന്ന സംഘത്തോട് ‘ഒരുത്തൻ ചത്ത് കിടക്കുന്നുണ്ട് വന്നാൽ കുഴിച്ചിടാം’ എന്ന് പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാൽ ബിനുവിന്റെ മാനസികാസ്വാസ്ഥ്യം അറിയുന്ന ഇവർ ഇത് കാര്യമായി എടുത്തില്ല. പിന്നാലെയാണ് ബിനു സഹോദരനെ മാലിന്യം ഇടാനെടുത്ത കുഴിയിൽ തള്ളി മണ്ണിട്ട് മൂടിയത്.
മാതാവ് ബേബിക്കൊപ്പമാണ് കൊല്ലപ്പെട്ട രാജും പ്രതി ബിനുവും വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുന്നത്. ഓണത്തിന് ബേബി മകളുടെ വീട്ടിൽ പോയി വന്നപ്പോൾ രാജ് വീട്ടിലില്ലായിരുന്നു. രാജിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. മകന് ജോലിക്കായി പോയതാകാമെന്നും ഫോണ്‍ നഷ്ടപ്പെട്ടിരിക്കാമെന്നുമാണ് മാതാവ് വിചാരിച്ചത്. എന്നാൽ രാജിനൊപ്പം ജോലിക്ക് പോകുന്നവർ വീട്ടിലെത്തി കാര്യം തിരക്കിയിരുന്നു. ഇതിനിടയിൽ ഒരുമാസം മുമ്പ് പറമ്പില്‍ മറ്റൊരിടത്ത് നട്ടിരുന്ന മാവിന്‍തൈ വീട്ടുവളപ്പില്‍ നേരത്തെയെടുത്തിരുന്ന കുഴി മൂടി അതിന് മുകളില്‍ മാറ്റിനട്ടതും മാതാവിന്റെ ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ മാതാവ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിയുമായി എത്തുന്നത്. കൊല്ലപ്പെട്ട രാജാണ് ജോലിചെയ്ത് കുടുംബം നോക്കിയിരുന്നത്. ബിനു ജോലിക്ക് പോകാത്തതുമായി ബന്ധപ്പെട്ട് ഇടക്കിടെ ഇരുവരും വഴക്ക് പതിവായിരുന്നു. ബിനുവിനെ വൈകീട്ടോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.