തിരുവനന്തപുരം: ബാല്യകാല സുഹൃത്തുക്കളായിരുന്നവർ വർഷങ്ങളായി ഒരുമിച്ച് താമസിച്ച് ഒടുവിൽ അരുംകൊല. വ്യാഴാഴ്ച പേരൂർക്കട വഴയിലയിൽ കൊല്ലപ്പെട്ട സിന്ധുവിന്‍റെയും പ്രതി രാജേഷിന്‍റെയും ജീവിതം ഇങ്ങനെയായിരുന്നു.
രാജേഷിന്റെ മാതാവ് പാലോട് വെറ്ററിനറി ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നപ്പോൾ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. പാണ്ട്യന്‍പാറയിലെ സിന്ധുവിന്റെ വീടിനടുത്തായിരുന്നു രാജേഷിന്റെ കുടുംബം താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു.
എന്നാൽ, അതിനിടെ സിന്ധുവിന്‍റെ വിവാഹം കഴിഞ്ഞു. കുറച്ചുനാളുകൾക്കുശേഷം ഭർത്താവ് ഉപേക്ഷിച്ചുപോയി. ഇതിനിടെ രാജേഷും വേറെ വിവാഹം കഴിച്ചു. എന്നാൽ, ദാമ്പത്യം ഏറെക്കാലം മുന്നോട്ട് പോയില്ല. ഭാര്യയുമായി പിണങ്ങിയ രാജേഷ് പത്തനംതിട്ടയിൽനിന്ന് പാലോട് നന്ദിയോട്ടെത്തി.
വീണ്ടും സൗഹൃദം ശക്തമായി. 12 വര്‍ഷമായി സിന്ധുവും രാജേഷും ഒരുമിച്ച് നന്ദിയോട് വയറ്റടിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. എന്നാൽ, സാമ്പത്തിക ഇടപാടുകളും മർദനവും കാരണവും രണ്ടുമാസം മുമ്പ് ഇരുവരും പിരിഞ്ഞ് താമസിക്കാനും തുടങ്ങി. സിന്ധു വീട്ടുജോലിക്ക് പോകുന്ന വരുമാനത്തിലാണ് ഇരുവരും ജീവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. രാജേഷ് പല സ്ഥലത്തും ജ്യൂസ് വില്‍പന നടത്തിയെങ്കിലും വിജയിച്ചില്ല.
ഇതിനുള്ള പണം നല്‍കിയത് സിന്ധുവാണ്. സിന്ധുവിന് ജോലി നഷ്ടപ്പെട്ടതിനെതുടർന്ന് വീട്ടുവാടക നല്‍കാന്‍പോലും പണമില്ലാതായി. രാജേഷ് മര്‍ദിക്കുന്നത് പതിവായതോടെ സിന്ധു ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ സിന്ധുവിനെ പാലോട് കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒന്നരമാസത്തിലധികമായി അവിടെയാണ് താമസം.
അതിനിടെ രാജേഷ് ഒരുമിച്ച് താമസിക്കാനുള്ള ശ്രമം നടത്തി. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നു. തനിക്കൊപ്പം താമസിക്കാത്തതിലെ വൈരാഗ്യമൂലം കരുതിക്കൂട്ടി പിന്തുടർന്നെത്തിയാണ് രാജേഷ് സിന്ധുവിനെ വെട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.