കണ്ണൂർ: തോട്ടടയിൽ കല്യാണവീട്ടിന് മുന്നിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം മാവിലാക്കണ്ടി പി. മിഥുൻ (24) ആണ് ചൊവ്വാഴ്ച ഉച്ചയോടെ എടക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവം നടന്ന ഞായറാഴ്ച ഉച്ചക്കുശേഷം ഇയാൾ ഒളിവിലായിരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ സുഹൃത്തായ ഇയാൾക്ക് ബോംബേറിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി.
ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് തോട്ടട ചാല പന്ത്രണ്ടുകണ്ടിക്ക് സമീപം നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി പാതിരാപ്പറമ്പിൽ ജിഷ്ണു (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിഷ്ണുവിന്‍റെ സുഹൃത്ത് ഏച്ചൂർ സ്വദേശി പാറക്കണ്ടി വീട്ടിൽ പി. അക്ഷയിനെ (24) തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കീഴടങ്ങിയ മിഥുനെ കേസന്വേഷണത്തിന്‍റെ ചുമതലയുള്ള എ.സി.പി പി.പി. സദാനന്ദൻ ചോദ്യംചെയ്തു. ഇയാളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. മിഥുൻ ഉൾപ്പെടെ നാലുപേർക്ക് ബോംബേറിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇതിനിടെ അക്രമികൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വാഹനം എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനം, ഉടമ എടക്കാട് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. KL O4 എ.ബി 507 നമ്പർ ടെമ്പോ ട്രാവലർ വാനാണ്, ഡ്രൈവറും വാഹനത്തിന്‍റെ ഉടമകളിൽ ഒരാളുമായ ആദർശ് സ്‌റ്റേഷനിൽ എത്തിച്ചത്. ഈ വാഹനത്തിലാണ് അക്രമികൾ ഉൾപ്പെടെയുള്ള ഏച്ചൂർ സംഘം തോട്ടടയിൽ എത്തിയത്. ബോംബെറിഞ്ഞശേഷം സംഘം രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് കൊണ്ടുവന്നതും ഇതിൽ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കല്യാണത്തിന് ട്രിപ് വിളിച്ചാണ് വാഹനം ഏർപ്പാടാക്കിയതെന്നാണ് ഉടമകളുടെ വിശദീകരണം. അതേസമയം, അക്രമത്തിന് പിറ്റേന്നുതന്നെ വാഹനം സ്‌റ്റേഷനിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ അത് ചെയ്തില്ല. വാഹനം സർവിസിന് കയറ്റിയെന്നായിരുന്നു വിശദീകരണം. ഇത് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കിയിട്ടുണ്ട്.
കണ്ണൂർ: സംസ്ഥാനത്ത് വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനം കർശനമായി തടയാൻ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. തോട്ടടയിൽ നടന്ന ബോംബേറുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രവർത്തന പദ്ധതിക്ക് അടിയന്തരമായി രൂപംനൽകണം. നടപടിക്ക്ശേഷം ഡി.ജി.ജി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തോട്ടടയിൽ ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.