കരുനാഗപ്പള്ളി: ബാർ ഹോട്ടലിന് മുന്നിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മർദിച്ച സംഭവത്തിൽ നിരവധി വധശ്രമ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കാപ്പ പ്രകാരം അറസ്റ്റിൽ. ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ വീട്ടിൽ പങ്കജ് (30) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ബോക്സർ ദിലീപ് എന്ന ദിലീപ് ചന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 ജനുവരി 21ന് രാത്രി എട്ടിന് കരുനാഗപ്പളളി ടൗണിലെ ബാറിന് മുന്നിൽ വടക്കുതല വെറ്റമുക്ക് സ്വദേശിയെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. ബാറിലെ സെക്യൂരിറ്റിക്കാരനുമായി വഴക്കുണ്ടാക്കുന്നത് കണ്ട് അടുത്ത് ചെന്ന യുവാവിന് നേർക്ക് പങ്കജും ദിലീപും ചേർന്ന് തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെ കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിൽ 10ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പങ്കജിനെതിരെ ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, രാമങ്കരി സ്റ്റേഷനുകളിലും കേസുകളുണ്ട്.
ബാർ ഹോട്ടലിലെ അക്രമണത്തിനുശേഷം ഒളിവിൽ പോയ പങ്കജ് ചേർത്തല ഭാഗത്തുള്ളതായി കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്കുമാർ, ജയശങ്കർ, ധന്യ, ഗ്രേഡ് എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.