മംഗളൂരു: പൊതു ടോയ്‌ലറ്റ് ചുവരുകളിലും ബസ് സ്റ്റാൻഡുകളടക്കം വിവിധ പൊതുഇടങ്ങളിലും സ്ത്രീയുടെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും എഴുതിയ മൂന്നുപേർ അറസ്റ്റിലായി. 58 വയസുകാരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് മൂവരും പിടിയിലായത്.
കോളജ് കറസ്പോണ്ടന്റായ പ്രകാശ് ഷേണായി (44), ഇക്കണോമിക്സ് അധ്യാപകനായ പ്രദീപ് പൂജാരി (36), ഫിസിക്കൽ എഡ്യുക്കേഷൻ ഡയരക്ടർ താരാനന്ദ് ഷെട്ടി (32) എന്നിവരാണ് പ്രതികളെന്ന് ദി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തുടനീളമുള്ള പൊതു ശുചിമുറികളുടെയും ബസ് സ്റ്റോപ്പുകളുടെയും ചുവരുകളിൽ പ്രതികൾ സ്ത്രീയുടെ വിവരങ്ങൾ എഴുതിവെച്ചതായി പൊലീസ് പറഞ്ഞു. മൈസൂരു, മടിക്കേരി, ചിക്കമംഗളൂരു, മുടിഗെരെ, ബലെഹോന്നൂർ, എൻ.ആർ പുര, ശിവമൊഗ്ഗ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിലാണ് പ്രതി അവരുടെ നമ്പർ എഴുതിയത്. അസിസ്റ്റന്റ് പ്രഫസറായ സ്ത്രീക്ക് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഫോൺ കോളുകൾ വരാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
31 വർഷത്തെ അധ്യാപന പരിചയമുള്ള പരാതിക്കാരി നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവ് കൂടിയാണ്. കൂടാതെ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പ്രതികൾ പരാതിക്കാരിയുടെ സഹപ്രവർത്തകർക്കും കോളജ് അഡ്മിനിസ്ട്രേറ്റർമാർക്കും കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും നൂറുകണക്കിന് പോസ്റ്റ്കാർഡുകളും ഇൻലാൻഡ് ലെറ്ററുകളും അയച്ചിരുന്നു.
പ്രതികൾ സ്ത്രീക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. അജ്ഞാതരായ 500ലധികം ആളുകളാണ് പരാതിക്കാരിയെ വിളിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകൾ കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.