പന്തളം: ചെറുപൊതികളാക്കി വിൽക്കാൻ കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്നു യുവാക്കളെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി. പന്തളം മുടിയൂർക്കോണം മന്നത്തു കോളനി ഭാഗത്തുനിന്നാണ് ബുധനാഴ്ച രാത്രി ഒമ്പതോടെ കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയൻ (21), കുരീക്കാവിൽ രഞ്ജിത് (25), റാന്നി പെരുനാട് വേലുപറമ്പിൽ വിഷ്ണു (27) എന്നിവർ അറസ്റ്റിലായത്.
ആലപ്പുഴ ജില്ലയിലും മറ്റും കഞ്ചാവുകടത്തിന് പൊലീസ്- എക്സൈസ് കേസുകളിൽപെട്ട പ്രതികളെ പത്തനംതിട്ട ജില്ലയിൽ പിടികൂടുന്നത് ആദ്യമായാണ്.മുടിയൂർക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരണവും കൈമാറ്റവും നടന്നിരുന്നത്.
ചെറുപൊതികളാക്കി വിൽപനക്ക് സൂക്ഷിച്ചുവന്ന കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ് സംഘം. ഒന്നാം പ്രതി ഗുരുപ്രിയനാണ് സംഭരിച്ചുവെക്കുന്നതെന്നും യുവാക്കൾക്കും കുട്ടികൾക്കുമാണ് വിൽപന നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐമാരായ രാജേഷ്, ഗ്രീഷ്മ, എസ്.സി.പി.ഒ അജീഷ്, ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമുവൽ, സി.പി.ഒമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവർ ചേർന്നാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.