പത്തനംതിട്ട: പെരുനാട് സബ്ട്രഷറിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ജില്ല ട്രഷറിയിലേക്ക്. തട്ടിപ്പിന്റെ മുഖ്യപങ്കും നടന്നത് ജില്ല ട്രഷറിയിൽവെച്ചായിരുന്നു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇങ്ങോട്ടേക്ക് വ്യാപിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സബ്ട്രഷറിയിലെയും ജില്ല ട്രഷറിയിലെയും ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. കമ്പ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു. പ്രാഥമിക നിഗമത്തിൽ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തുന്നത്. ജില്ല ട്രഷറിയിലെ സ്റ്റാമ്പ് ഡ്യൂട്ടി ഓഫിസറെയടക്കം ചോദ്യംചെയ്തു. ഇതിനിടെ, തട്ടിപ്പിന്റെ മുഖ്യബആസൂത്രകൻ പെരുനാട് സബ്ട്രഷറി സീനിയർ ട്രഷറർ സി.ടി. ഷഹീർ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി സൂചനയുണ്ട്. മരണമടഞ്ഞ ഓമല്ലൂർ സ്വദേശിനി പെൻഷണറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഇയാൾ തട്ടിയെടുത്തത്.
പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറിപ്പോയ ഇയാൾ അവിടെയും തട്ടിപ്പ് ആവർത്തിച്ചപ്പോളാണ് സഹപ്രവർത്തകർ കണ്ടെത്തിയത്. ട്രഷറി ഓഫിസറുടെ പരാതിയെ തുടർന്ന് പെരുനാട് പൊലീസ് കേസെടുത്തെങ്കിലും രണ്ടാഴ്ചയായിട്ടും ഒരുനടപടിയും എടുക്കാതായതോടെയാണ് കേസ് ജില്ല പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഷഹീറടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ് വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ മാത്രം പരാതിയില്ല
പത്തനംതിട്ട ട്രഷറിയിൽനിന്ന് 8.13ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഇതുവരെ ജില്ല ട്രഷറി ഓഫിസർ പത്തനംതിട്ട പൊലീസിന് പരാതി നൽകിയിട്ടില്ലെന്നതാണ് ഏറെ വിചിത്രമായ കാര്യം. ജൂനിയർ സൂപ്രണ്ടും അക്കൗണ്ടൻറും ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ മാത്രമാണ് നൽകിയത്. സമാനരീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നുള്ള പരിശോധനയും നടന്നിട്ടില്ല. അവകാശികളെത്താതെ കിടന്ന പണമാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. സമാനരീതിയിൽ കൂടുതൽ തട്ടിപ്പ് ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണം നടക്കണം. അവകാശികൾ എത്താത്ത ലക്ഷക്കണക്കിന് രൂപ ജില്ലയിലെ വിവിധ ട്രഷറികളിൽ കിടപ്പുണ്ടെന്നാണ് ലഭിച്ച അനൗദ്യോഗിക വിവരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.