പത്തനംതിട്ട: പെരുനാട് ട്രഷറിയിൽനിന്ന് ജീവനക്കാർ നിക്ഷേപത്തുക തട്ടിയെടുത്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ല പൊലീസ് മേധാവി നൽകിയ ശിപാർശപ്രകാരമാണ് പെരുനാട് പൊലീസിൽനിന്ന് കേസ് അന്വേഷണം മാറ്റിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് കുമാറിനാണ് അന്വേഷണച്ചുമതല. മരണമടഞ്ഞ റിട്ട.അധ്യാപികയും ഓമല്ലൂർ സ്വദേശിനിയുമായ പെൻഷണറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപയാണ് വ്യാജ അക്കൗണ്ടുണ്ടാക്കി ജീവനക്കാരൻ തട്ടിയെടുത്തത്. പെരുനാട് സബ്ട്രഷറി സീനിയർ ട്രഷറർ സി.ടി. ഷഹീർ, കോന്നി സബ് ട്രഷറി ഓഫിസർ രഞ്ചി കെ. ജോൺ, ജില്ല ട്രഷറി ജൂനിയർ സൂപ്രണ്ട് കെ.ജി. ദേവരാജൻ, ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനായില്ല. തട്ടിപ്പിന്റെ സൂത്രധാരൻ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറാണെന്ന് ട്രഷറി വകുപ്പ് കണ്ടെത്തിയിരുന്നു.
മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ്വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മരണമടഞ്ഞ പെൻഷണറുടെ മകന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് ഷഹീർ ജില്ല ട്രഷറിയിൽ അനധികൃത അക്കൗണ്ട് തുടങ്ങിയത്. ഭരണകക്ഷി യൂനിയനിൽപെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. ജില്ല ട്രഷറിയിൽനിന്ന് ജീവനക്കാരനെതിരെ പരാതി നൽകുകയോ മറ്റ് നടപടികളിലേക്ക് പോകുകയോ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.