കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്.
സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി ഇസ്സുദ്ദീന്‍ (46) പിടിയിലായി. പാന്റ്‌സ് രണ്ട് പാളിയായി തയ്ച്ച് പാളികൾക്കിടയില്‍ തേച്ചുപിടിപ്പിച്ചാണ് സ്വർണമിശ്രിതം കടത്തിയത്. ശനിയാഴ്ച അബൂദബിയില്‍നിന്ന് എത്തിയ ഇസ്സുദ്ദീന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻമേല്‍ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കള്ളക്കടത്ത് അംഗീകരിക്കാതിരുന്ന ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴും സ്വർണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമിശ്രിതം കണ്ടെടുത്തത്.സ്വർണം വേര്‍തിരിച്ചു വരുകയാണെന്ന് കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. ഷിബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.