കാക്കനാട്: തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. പ്രതിസ്ഥാനത്തുള്ള ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിനെ പരാതി ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തെങ്കിലും കേസിൽ ഇതുവരെ മറ്റു പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇനിയും കണ്ടെത്താനുള്ള ഏഴ് പ്രതികളെ കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് പൊലീസിന്റെ വാദം. അതിനിടെ സി.ഐ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും ബുധനാഴ്ചയും ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
യുവതിയുടെ മൊഴിയിലെ വൈരുധ്യവും ടവർ ലൊക്കേഷനിലെ അവ്യക്തതയുമാണ് അറസ്റ്റ് നീളാൻ കാരണമെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, കേസ് പൂർണമായി തള്ളിയിട്ടില്ലെന്നും യുവതിയുടെ മൊഴിയിൽ പറയുന്ന രണ്ടുപേർ ഉൾെപ്പടെ ഇനിയും പിടിയിലാകാത്ത ഏഴ് പേരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. യുവതിയുടെ ഭർത്താവിന്റെ മൊഴിയെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. യുവതിയുടെ വീട്ടിലെ ജോലിക്കാരിയാണ് ഒന്നാം പ്രതി. ഭർത്താവിന്റെ സുഹൃത്ത് രണ്ടാം പ്രതിയും സി.ഐ മൂന്നാം പ്രതിയുമാണ്. ഇവരോട് വ്യാഴാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഏറെ പ്രാധാന്യമുള്ള കേസായതിനാൽ കൊച്ചി ഡി.സി.പി ശശിധരന്റെ മേൽനോട്ടത്തിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.