പുതുനഗരം: ചരക്ക് ലോറികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സ്റ്റേഷനു മുന്നിൽ ലോറി നിർത്തി മുങ്ങിയ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം മുഴങ്ങോടി സ്വദേശി ഡേവിഡിനെതിരെയാണ് (24) പുതുനഗരം പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ച രണ്ടിനാണ് ലോറി ജീവനക്കാർ ഏറ്റുമുട്ടിയത്.
ചിറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെയും എതിർദിശയിൽ വന്ന മറ്റൊരു ലോറിയുടെയും ഡ്രൈവർമാർ തമ്മിൽ ലൈറ്റ് ഡിം ചെയ്യാതെ ഓടിച്ചതിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റം അടിപിടിയിലേക്ക് എത്തിയതോടെ ഒരു ലോറിയുടെ ഡ്രൈവർ പൊലീസ് സ്റ്റേഷൻ കവാടത്തിനു മുന്നിൽ ലോറി നിർത്തിയിട്ട് ഓടി രക്ഷപ്പെടുകയും മറ്റേയാൾ യാത്ര തുടരുകയുമായിരുന്നു.
യാത്ര തുടർന്ന ലോറിയെ പൊലീസ് കൊടുവായൂരിൽ വെച്ച് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ലോറിയുടെ താക്കോൽ ഡ്രൈവർ കൊണ്ടുപോയിരുന്നതിനാൽ സ്റ്റേഷനകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടക്കാനാവാത്ത സ്ഥിതിയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ 7.30ന് പൊലീസ് മെക്കാനിക്കിനെ എത്തിച്ച് ലോറി സ്റ്റാർട്ടാക്കി മാറ്റി നിർത്തി. സ്റ്റേഷനു മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തതായും ലോറി കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.