ത്വയ്ബ ഔലാദാണ് പിടിയിലായത്; കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്സൈസ് ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടിൽ ത്വയ്ബ ഔലാദിനെയാണ് (24) എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ത്വയ്ബക്ക് കുറ്റകൃത്യവുമായി നേരിട്ട് പങ്കുണ്ടെന്നും കുറ്റം സമ്മതിച്ചെന്നും അന്വേഷണസംഘം പറഞ്ഞു.
കാക്കനാട്ടെ അപ്പാർട്മെൻറിൽനിന്ന് എം.ഡി.എം.എ പിടികൂടിയപ്പോൾ ആദ്യം ഏഴുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ചുപേരെ മാത്രമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ത്വയ്ബ ഉൾപ്പെടെ രണ്ടുപേരെ ഒഴിവാക്കിയ നടപടി വിവാദമാകുകയും അട്ടിമറി ആരോപണം ഉയരുകയും ചെയ്തതോടെയാണ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ത്വയ്ബയും അറസ്റ്റിലായ മറ്റൊരു യുവതിയും ചേർന്ന് മയക്കുമരുന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത് വൻ വിവാദത്തിന് വഴിവെച്ചു. ജില്ല എക്സൈസായിരുന്നു ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. കേസ് ഏറ്റെടുത്ത എക്സൈസ് ക്രൈംബ്രാഞ്ച് ശനിയാഴ്ച ത്വയ്ബയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതോടെ ത്വയ്ബ ഉൾപ്പെട്ട സംഘമാണ് കാറിൽ മയക്കുമരുന്ന് കടത്തിയതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിൽ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ ത്വയ്ബക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. എം.ഡി.എം.എ ഒളിപ്പിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും അറസ്റ്റിലായ മറ്റൊരു പ്രതി ഷബ്നയുടെ മൊഴിയും മുന്നിൽവെച്ചതോടെയാണ് കള്ളങ്ങൾ പൊളിഞ്ഞത്. സംഭവദിവസം പ്രതികൾ ഒരേ അപ്പാർട്മെൻറിൽ താമസിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇവർ ഒരുമിച്ചാണ് കാറിൽ ചെന്നൈയിൽനിന്ന് എത്തിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കേസിൽനിന്ന് ഒഴിവാക്കിയ യുവാവിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് ചെയ്യും. ത്വയ്ബയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും വിശദ ചോദ്യം ചെയ്യലും നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.