മോഷണത്തിനിടെ വീട്ടുകാരെത്തിയപ്പോൾ ഒാടിരക്ഷപ്പെട്ട രണ്ടു പേരെ പൊലീസ് കെണിയൊരുക്കി പിടികൂടി. മോഷ്ടാക്കൾ ഒാടിരക്ഷപ്പെടുന്നതിനിടെ വീണുപോയ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പൊലീസ് കെണിയൊരുക്കിയത്. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്.
കൊല്ലം നിലമേൽ കണ്ണംകോടുളള ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തുന്നതിനിടെ വീട്ടുകാർ വന്നപ്പോൾ രണ്ടു പേരും ഒാടി രക്ഷപ്പെടുകയായിരുന്നു. ഒാടി രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളുടെ ഫോൺ നഷ്ടമായി. ഫോൺ ലഭിച്ച പൊലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് പിടിയിലായതെന്ന് ചടയമംഗലം പൊലീസ് പറഞ്ഞു.
നിലമേൽ കണ്ണംകോടുളള വീട്ടിൽ ആളില്ലെന്ന് മനസിലാക്കി മോഷണത്തിന് കയറിയതാണ്. പക്ഷേ, സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു. സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു.
പിന്നീട്, ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാൾ സ്വദേശിയെ കൊണ്ട് മോഷ്ടാവിനെ വിളിപ്പിച്ചു. ഇതനുസരിച്ച് ഫോണ്‍ വാങ്ങാന്‍ രാജേഷ് കോഴിക്കടയിലേക്ക് വരികയായിരുന്നു. ആ സമയം കോഴിക്കടയിൽ പൊലീസ് മഫ്തിയിൽ കാത്തു നിൽക്കുകയായിരുന്നു. കടയിലെത്തിയ ഉടനെ മോഷ്ടാവിനെ പൊലീസ് പിടികൂടി.
മരപ്പണിക്കാരനായ രാജേഷിന് വളരെ പെട്ടൊന്ന് വാതിലുകൾ കുത്തിത്തുറക്കാനുള്ള വിദ്യകൾ അറിയാം. മോഷണമുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. പത്തുവര്‍ഷത്തിലേറെയായി ഇരുവരും ചേർന്ന് മോഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ആദ്യമായാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.