കൊല്ലം: ഓപറേഷൻ ടാബ് എന്ന പേരിൽ എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിലായി. മുണ്ടക്കൽ ഉദയമാർത്താണ്ഡപുരം പുതുവൽ പുരയിടം നേതാജി നഗർ 98 ൽ രാജീവ് (40), ഉദയമാർത്താണ്ഡപുരം കളീക്കൽ കടപ്പുറം വീട്ടിൽ സ്റ്റീഫൻ മോറിസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഗോവയിൽനിന്ന് അമ്പതിനായിരത്തോളം രൂപ നൽകി വാങ്ങുന്ന ഗുളികകൾ നാട്ടിലെത്തിച്ച് വിൽപന നടത്തുമ്പോൾ രണ്ടു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഇവർ എക്സൈസിനോട് പറഞ്ഞു.
ഭീമമായ ലാഭം ലഭിക്കുമെന്നതിനാൽ കൂടുതൽ ആൾക്കാർ ഗുളിക വിൽപന റാക്കറ്റിൽ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. പ്രദീപിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ 2000 ലഹരി ഗുളികകളുമായി ഈ റാക്കറ്റിലെ മുഖ്യ പ്രതി ‘ബോംബെ’ എന്നു വിളിക്കുന്ന അനന്തു നേരത്തേ പിടിയിലായിരുന്നു. ഇത്തരം വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അസി. എക്സൈസ് കമീഷണർ എസ്. കൃഷ്ണകുമാർ അറിയിച്ചു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, ഇൻസ്പെക്ടർ വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ രഘു, മനോജ് ലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ജാസ്മിൻ, ശ്രീനാഥ്, അനീഷ് അജിത്, നിഥിൻ, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.