കാക്കനാട്: തൃക്കാക്കരയിൽ 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാക്കനാടിനുസമീപം പടമുകളിൽനിന്നാണ് കാസർകോട് അലിമറുകുംമൂല വീട്ടിൽ അജ്മൽ (20), കർണാടക മംഗളൂരു തൗഫീഖ് മൻസിലിൽ ഇർഷാദ് (28) എന്നിവർ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപയും കണ്ടെടുത്തു.
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിക്കാനുള്ള കൊച്ചി സിറ്റി പൊലീസിന്റെ ‘യോദ്ധാവ്’ ആപ്പിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പടമുകൾ സൗഹാർദനഗറിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ.
അസമിലെ മൊത്തവിൽപനക്കാരിൽനിന്ന് കഞ്ചാവ് എത്തിച്ചാണ് ആവശ്യക്കാർക്ക് ചില്ലറ വിൽപന നടത്തിയിരുന്നത്. 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് മുറിയിൽനിന്ന് കണ്ടെടുത്തു. ഭാരം അളക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വിൽപനക്കുവേണ്ടിയുള്ള പാക്കറ്റുകളും ലഭിച്ചു.
ഓൺലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാക്കനാട്ട് ഓട്ടോറിക്ഷ ഓടിക്കുന്ന ഇർഷാദ് 15 വർഷമായി കൊച്ചിയിൽ താമസിക്കുകയാണ്. മൂന്നുവർഷം മുമ്പാണ് അജ്മൽ കൊച്ചിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.