ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുമ്പോൾ, പിന്നിട്ട വഴിയിലെ കൊടും ക്രൂരതകൾ ചർച്ചയാകുന്നു

കാഠ്മണ്ഡു: പ്രായാധിക്യം കണക്കിലെടുത്ത് ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍മോചിതനാകുന്നു.  ഈ വേളയിൽ ശോഭരാജിന്റെ കൊടും ​ക്രൂരതയുടെ കഥകൾ വീണ്ടും ഓർമ്മിക്കപ്പെടുകയാണ്. ​തായ്‌ലന്‍ഡില്‍ നടത്തിയ 14 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 20 കൊലപാതകങ്ങള്‍ ചാള്‍സ് ശോഭരാജ് നടത്തിയെന്നാണ് കരുതപ്പെടുന്നത്. 1976 മുതല്‍ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായ ശേഷം പാരിസിലേക്ക് പോയി. 2003-ല്‍ നേപ്പാളിലേക്ക് മടങ്ങിയതോടെ വീണ്ടും ജയിലിലാവുകയായിരുന്നു. ശോഭരാജിന് 78 വയസാണിപ്പോൾ. 

നേപ്പാള്‍ സുപ്രീം കോടതിയാണിപ്പോൾ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടത്. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ ചാള്‍സ് ശോഭരാജിനെ നേപ്പാളില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2003 മുതല്‍ തടവില്‍ കഴിയുകയാണ് ശോഭരാജ്. ഇയാള്‍ ആകെ 20 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

1975ല്‍ യുഎസ് പൗരരായ കോണി ജോ ബ്രോണ്‍സിച്ച്, സുഹൃത്ത് ലോറന്റ് കാരിയർ എന്നിവരെ നേപ്പാളില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാള്‍സ് ശോഭരാജിനെ 2003 സെപ്റ്റംബര്‍ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാഠ്മണ്ഡുവിലും ഭക്തപുരിലുമായാണ് ചാള്‍സ് ഇവരുടെ കൊല നടത്തിയതെന്നതിനാല്‍ പ്രത്യേക കേസുകളായാണ് ചാള്‍സിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകത്തിന് 20 വര്‍ഷം തടവുശിക്ഷയും വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേര്‍ത്ത് 21 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി ചാള്‍സിന് നല്‍കിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് 2,000 രൂപ പിഴയും ചുമത്തിയിരുന്നു. 19 കൊല്ലത്തെ തടവ് ശിക്ഷ ചാള്‍സ് ശോഭരാജ് ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചാള്‍സ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനി എന്ന പരമ്പര കൊലയാളിയുടെ ഇരകള്‍ ഹിപ്പി സംസ്‌കാരം പിന്തുടരുന്ന പടിഞ്ഞാറന്‍ വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി കില്ലര്‍, സ്പ്ലിറ്റിങ് കില്ലര്‍, സെര്‍പന്റ് എന്നീ അപരനാമങ്ങള്‍ ശോഭരാജിനുണ്ടായിരുന്നു.

ഇന്ത്യക്കാരനായ ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനിയും വിയറ്റ്‌നാം സ്വദേശി ട്രാന്‍ ലോവാങ് ഫുനും ആണ് ചാള്‍സിന്റെ മാതാപിതാക്കള്‍. വിവാഹിതരാകാത്തതിനാല്‍ ചാള്‍സിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശോഭരാജ് ഹോത്ചന്ദ് ഭാവ്‌നാനി തയ്യാറായിരുന്നില്ല. ഫ്രഞ്ച് സൈനികനുമായി അമ്മയുടെ വിവാഹം നടന്നതോടെ അവര്‍ക്കൊപ്പം ചാള്‍സ് ഫ്രാന്‍സിലേക്ക് പോയി.

കൗമാരകാലത്തുതന്നെ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയ ചാള്‍സ് 1963ല്‍ തന്റെ പത്തൊമ്പതാമത്തെ വയസില്‍ ഭവനഭേദനത്തിന് ജയിലായി. പരോളില്‍ പുറത്തിറങ്ങിയ ചാള്‍സ് അധോലോകത്തിലേക്ക് ആകൃഷ്ടനായി. ഭവനഭേദനത്തിലൂടെയും മറ്റും പണം സമ്പാദിക്കാനാരംഭിച്ചു. അതിനിടെ പാരിസ് സ്വദേശിയായ ചാന്റല്‍ കോംപാഗ്നനുമായി പ്രണയത്തിലായ ചാള്‍സ് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. അന്നേദിവസം തന്നെ വാഹനമോഷണക്കുറ്റത്തിന് പിടിയിലായ ചാള്‍സ് എട്ട് മാസം തടവില്‍ കഴിഞ്ഞു.

ജയില്‍മോചിതനായതിന് ശേഷം ചാന്റലുമായി ചാള്‍സിന്റെ വിവാഹം നടന്നു. 1970ല്‍ അറസ്റ്റ് ഭയന്ന് ഗര്‍ഭിണിയായ ചാന്റലുമായി ഏഷ്യയിലേക്ക് കടന്നു. ഇതിനിടെ ചൂതുകളിയിലും ചാള്‍സിന് കമ്പം കയറി. ഒടുവില്‍ ചാന്റലുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ചാള്‍സ് ശോഭരാജ് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

1970കളിലാണ് ചാള്‍സ് യൂറോപ്പില്‍ മരണത്തിന്റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയില്‍ ശോഭരാജ് കൊന്നുതള്ളിയത് രണ്ട് ഡസനോളം മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലര്‍ എന്നായിരുന്ന ചാള്‍സിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങള്‍ സെര്‍പന്റ് എന്ന പേരും ശോഭാരാജിന് നേടിക്കൊടുത്തു. 1976-ലാണ് ചാള്‍സ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാല്‍ അയാള്‍ സമര്‍ഥമായി ജയില്‍ചാടി. അതിനുശേഷം പല രാജ്യങ്ങളില്‍ യാത്രചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി.

ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ച് വിനോദസഞ്ചാരികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യന്‍ പൊലീസ് കുറ്റം ചുമത്തി. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാല്‍ 1986 ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് ചാള്‍സ് സമര്‍ഥമായി രക്ഷപ്പെട്ടു. എന്നാല്‍ ഒരുമാസത്തിനു ശേഷം പിടിയിലായി. ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997ല്‍ ചാള്‍സ് ശോഭരാജ് പുറത്തിറങ്ങി. തുടര്‍ന്ന് പാരീസിലേക്കു പോയ ഇയാള്‍ അവിടെ ആഡംബരജീവിതം നയിച്ചു.

കൊടുംകുറ്റവാളിയായിരുന്നിട്ടും ലോകത്തെമ്പാടും ചാള്‍സ് ശോഭരാജിന് ഒരു സെലിബ്രിറ്റി പരിവേഷം ലഭിച്ചിരുന്നു. തന്റെ കുപ്രസിദ്ധി ചാള്‍സ് ആസ്വദിക്കുകയും ചെയ്തിരുന്നു. നാല് ജീവചരിത്രങ്ങള്‍, മൂന്ന് ഡോക്യുമെന്ററികള്‍, സിനിമ, ഡ്രാമ സീരീസ് എന്നിവയ്ക്ക് ചാള്‍സ് ശോഭരാജിന്റെ ജീവിതകഥ അടിസ്ഥാനമായി.

Tags:    
News Summary - Two decades in Nepal jail, Bikini Killer Charles Sobhraj to walk free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.