പാലക്കാട്: 170 ഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ പൗരൻ അടക്കം രണ്ടുപേർ പിടിയിൽ. നൈജീരിയക്കാരനായ മൊമിൻ അൻസെൽമി (32), കോട്ടയം പാല സ്വദേശി അബിജിത്ത് കുമാർ (29) എന്നിവരാണ് ബംഗളൂരുവിൽ പിടിയിലായത്. വാളയാർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കഴിഞ്ഞമാസം പിടികൂടിയ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ് ഇരുവരും വലയിലയായത്.
വാളയാർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബംഗളൂരുവിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽനിന്നും 170 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലക്കാട് പൊലീസ് ഇതുവരെ പിടികൂടിയതിൽ വലിയ എം.ഡി.എം.എ കേസാണിതെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
ബംഗളൂരുവിൽ റൂമെടുത്ത് താമസിച്ചാണ് യുവാക്കൾ ലഹരി കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ മുഖ്യകണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വാളയാറിൽ കഴിഞ്ഞമാസം രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് സ്വദേശി ജിത്തു (24), കോട്ടയം നിഖിൽ ഷാജി (27), പത്തനംതിട്ട ജബിൻ വർഗീസ് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ വാളയാർ ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ എച്ച്. ഹർഷാദ്, എസ്.ഐ സുജികുമാർ, എ.എസ്.ഐ ജയകുമാർ, ഫെലിക്സ് ഹൃദയരാജ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ബി. ഷിബു, കെ. ലൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.