വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: ചാലാട് വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിലെ കെ.വി. കിഷോറിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാലോടെ മോഷണശ്രമം നടന്നത്. വീടിനകത്ത് കയറി കിഷോറിന്റെ ഭാര്യ ലിനിയുടെ സ്വർണമാല ബലമായി പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമം. ലിനിയുടെ നിലവിളികേട്ട് ഓടിയെത്തിയ മകൻ അഖിനെയും വടി ഉപയോഗിച്ച് കവർച്ചാസംഘം അക്രമിച്ചു.

കയ്യിൽകിട്ടിയ സ്റ്റൂളുമായി അഖിൻ മോഷ്ടാക്കളെ പ്രതിരോധിച്ചതോടെ കൂടുതൽ ആളുകൾ എത്തുംമുമ്പേ ഇവർ രക്ഷപ്പെട്ടു. വീടിന്റെ പിൻവശം വഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. രണ്ടുപേർ വീടിനകത്തുകയറിയപ്പോൾ ഒരാൾ പുറത്ത് കാവലായിരുന്നു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോൾ ബർമുഡ ധരിച്ച രണ്ടുപേർ ചേർന്ന് ബലമായി മാലപൊട്ടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്ന് അഖിൻ പറഞ്ഞു. തടയാനെത്തിയ അഖിനെ വടിയുപയോഗിച്ച് ഇരുവരും മർദ്ദിച്ചതിനാൽ തോളെല്ലിന് പരിക്കുണ്ട്. മുഖം മറക്കാതെ എത്തിയ മോഷ്ടാക്കൾ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

സമീപത്തെ ആശാനിവാസിലും മോഷണശ്രമമുണ്ടായി. അടുക്കളയിലെ ജനൽ കമ്പി വളച്ച് അകത്തുകടക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകളിൽ മൂന്നുപേർ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെ സിസിടിവികൾ കൂടി പരി​ശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ആയുധങ്ങളുമായി കവർച്ചാസംഘം വീടുകളിലെത്തിയതോടെ ചാലാട് പ്രദേശത്തുള്ളവർ ഭീതിയിലാണ്. ടൗൺ ​പൊലീസും വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണകേസുകളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ കാണിച്ച് വീട്ടുകാരുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - Two people were injured in the attack by the robbery group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.