കൊണ്ടോട്ടി: വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടംഗ സംഘം പിടിയിലായി. കെ.എസ്.എഫ്.ഇ കൊണ്ടോട്ടി ശാഖയിലാണ് 44 ലക്ഷത്തില്‍പ്പരം രൂപയുടെ തട്ടിപ്പ് നടന്നത്. സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42), കോഴിക്കോട് കൊമ്മേരി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
2016-2018 സാമ്പത്തിക വര്‍ഷത്തില്‍ അലവന്നൂര്‍ എസ്.സി - എസ്.ടി ഹോസ്റ്റല്‍ വാര്‍ഡനായി പ്രവര്‍ത്തിച്ചിരുന്ന ജയജിത്ത് കൊണ്ടോട്ടി കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജര്‍ ആയിരുന്ന സന്തോഷിന്റെ സഹായത്തോടെ കുറിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. വകുപ്പ് തല അന്വേഷണത്തില്‍ നേരത്തെതന്നെ ഇരുവരും സസ്പെന്‍ഷനിലായിരുന്നു. പുതിയ മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുറി വിളിച്ചെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് എസ്.ഇ - എസ്.ടി ഓഫിസിലെ സീലുകളും രേഖകളും ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ നിർമിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഈ ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്. മറ്റു ശാഖകളിലും സമാന രീതിയില്‍ നടന്ന തട്ടിപ്പുകള്‍ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നെന്നും മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ്, ഇൻസ്പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്.ഐ നൗഫല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, ഷബീര്‍, സുബ്രഹ്മണ്യന്‍, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.