കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. വയനാട് ബത്തേരി ബീനാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ താഹിർ (21), കണ്ണൂർ തളിപ്പറമ്പ് സ്വദേശി തെക്കനത്ത് ആഷിൻ തോമസ് (25) എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വീട്ടിൽനിന്നു രണ്ടു മോതിരവും മാലയും അടങ്ങുന്ന സ്വർണം കാണാനില്ലെന്ന് ദമ്പതികൾ മുളവുകാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.
ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളിൽനിന്ന് വിവരങ്ങൾ ചോദിച്ചപ്പോഴാണ് ആഭരണങ്ങൾ കാമുകൻ തട്ടിയെടുത്ത വിവരം പെൺകുട്ടി പറഞ്ഞത്. സ്കൂൾ സമയം കഴിഞ്ഞ് കൊച്ചി നഗരത്തിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപ്പെടുകയും ചാറ്റിങ്ങിലൂടെ പ്രണയക്കുരുക്കിൽ വീഴ്ത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പ്രണയത്തിലായ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് കൂട്ടാളിയായ ആഷിനൊപ്പം ചേർന്ന്, പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. ഇവ പണയംവെച്ചതും വിൽപന നടത്തിയതും ആഷിനാണ്.
ഒളിവിൽപോയ താഹിറിനെ വയനാട്ടിലെ വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് ആഷിൻ എറണാകുളത്തുള്ള വിവരം പൊലീസ് അറിഞ്ഞത്. അത്യാവശ്യമായി കാണണമെന്ന് താഹിർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഹൈകോർട്ട് ഭാഗത്തെത്തിയ ആഷിൻ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ആഭരണങ്ങൾ പണയംവെച്ചും വിൽപന നടത്തിയും ലഭിക്കുന്ന പണംകൊണ്ട് പ്രതികൾ ആർഭാടജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റു പെൺകുട്ടികളെ ഇവർ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകളാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.