അഞ്ചൽ: 81 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. അഞ്ചൽ കോട്ടവിള വീട്ടിൽ ഷിജു (40), ഏറം വയലിക്കടയിൽ സാജൻ (35) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ അഞ്ചൽ ബൈപാസിൽ ഷിജു ഓടിച്ച ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡാഷ് ബോക്സിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നാല് ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ തിരുവനന്തപുരം സ്വദേശിയായ പ്രദീപ് എന്നയാൾ 100 ഗ്രാം എം.ഡി.എം.എ ഏൽപ്പിച്ചതാണെന്നും ബാക്കി ഏറത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന സാജനെ ഏൽപ്പിച്ചുവെന്നും ഷിജു പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് പച്ചക്കറിക്കടയിലെത്തിയ പൊലീസ് സാജനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോൾ കടയോട് ചേർന്ന വാടക വീട്ടിലെ ഷെഡിൽ പഴയ ഷൂവിൽ ഒളിപ്പിച്ച നിലയിൽ 77 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇരുവരിൽ നിന്നായി ആകെ 81 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
എസ്.ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതികളെ പിടികൂടിയത്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ സാന്നിധ്യത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.