വർക്കല: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ടൂവീലർ മോഷണം നടത്തിവന്ന സംഘം അറസ്റ്റിൽ. വർക്കല പുത്തൻചന്ത ചരുവിള വീട്ടിൽ സുരേഷ് (58), വെട്ടൂർ ചിനക്കര വീട്ടിൽ അൻസിൽ (18), കല്ലമ്പലം തോട്ടയ്ക്കാട് അമീൻ വില്ലയിൽ അബ്ദുൽ ഒഫൂർ (52) എന്നിവരും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളും അടങ്ങിയ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
വർക്കല റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷണം പോയതിനെതുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. നിലവിൽ മൂന്ന് കേസുകളാണ് സമാനരീതിയിൽ വർക്കല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നൽകി ഈ വാഹനങ്ങൾ വാങ്ങി പൊളിച്ചുവിൽക്കുകയും ചെയ്തുവരുന്ന സംഘമാണിതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അന്വേഷണത്തിൽ വർക്കല സ്റ്റേഷൻ പരിധിയിലെ മറ്റ് രണ്ട് ബൈക്കുകൾ കൂടി മോഷ്ടിച്ചെടുത്ത് പൊളിച്ചുവിറ്റതായി പ്രധാനപ്രതിയായ സുരേഷ് പൊലീസിന് മൊഴി നൽകി. അബ്ദുൽ ഒഫൂർ ആണ് പൊളിച്ച ബൈക്കിന്റെ പാർട്സുകൾ വാങ്ങിയത്. ഇത്തരത്തിൽ വാഹനങ്ങൾ മോഷണം നടത്തി പൊളിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽനിന്ന് കാണാതായ വാഹനത്തിന്റെ പാർട്സുകളും പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണംകൊണ്ട് കുട്ടികളെ വഴിവിട്ട ജീവിതരീതിയിലേക്ക് സംഘം തള്ളിവിടുകയാണ് ചെയ്യുന്നത്.
ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുണ്ടോയെന്നും അതിനായി അന്വേഷണം മറ്റ് സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെകൊണ്ട് വാഹന മോഷണം പ്രോത്സാഹിപ്പിക്കുകയും മോഷണ വാഹനങ്ങളുടെ പാർട്സുകൾ വാങ്ങുന്ന ആക്രി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഉള്ളവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ വർക്കല സി.ഐ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, മനോജ്, അസി. സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, ഷാനവാസ്, ഫ്രാങ്ക്ളിൻ, പൊലീസുകാരായ ഷിജു, ഷൈജു, ഷജീർ, പ്രശാന്ത് കുമാരൻ, ശ്രീജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.