കൊല്ലങ്കോട്: ചുള്ളിയാർ ഡാം സബ് കനാൽ ഷട്ടർ അജ്ഞാതർ അടച്ചിട്ടു. കനാൽ കവിഞ്ഞ് റോഡിലും വീടുകളിലും വെള്ളമെത്തി. ശനിയാഴ്ച രാത്രി മുതലമട നണ്ടൻ കിഴായക്കടുത്ത് കിഴക്കേതറ സബ് കനാൽ ഷട്ടർ അജ്ഞാതർ അടച്ചതോടെയാണ് അർധരാത്രി കൊല്ലങ്കോട് നെന്മേനി, വെറ്റിലപൊറ്റ പ്രദേശത്തേക്കുള്ള കനാലുകളിൽ വെള്ളം കവിഞ്ഞ് തേക്കിൻചിറ- കൊല്ലങ്കോട് റോഡിലും നെന്മേനി പ്രദേശത്തുള്ള വീടുകളിലും വെള്ളം കയറിയത്.
ഞായറാഴ്ച പുലർച്ചയോടെയാണ് വീടിന്റെ മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നത് അറിഞ്ഞതെന്ന് കർഷകനായ ആർ. അരവിന്ദാക്ഷൻ പറഞ്ഞു. ഇറിഗേഷൻ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഷട്ടറുകൾ നിയന്ത്രിക്കുകയും ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെള്ളം നിയന്ത്രണ വിധേയമായി. രണ്ട് കുളങ്ങളുടെ വരമ്പുകൾ, മൂന്നേക്കറിലെ നാല് നെൽപാട വരമ്പുകൾ എന്നിവ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. എലവഞ്ചേരിയിലേക്ക് വെള്ളം തുറന്ന ദിവസമാണ് അധികൃതരെ അറിയിക്കാതെ ഷട്ടറുകൾ നിയന്ത്രിച്ചതെന്നും ഇറിഗേഷൻ അധികൃതർ അറിയാതെ കനാൽ ഷട്ടറുകൾ നിയന്ത്രിക്കുന്നത് കുറ്റകരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നുള്ള ഏഴു ദിവസത്തേക്ക് ചുള്ളിയാർ ഡാമിൽനിന്ന് എലവഞ്ചേരിയിലേക്ക് വെള്ളം തുറക്കും. നിലവിൽ ചുള്ളിയാർ ജലനിരപ്പ് 50.5 അടിയാണ്. പരമാവധി ജലനിരപ്പ് 57.5 അടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.