ബലാത്സംഗ പരാതി നൽകാനെത്തിയ 13കാരിയെ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗം ചെയ്തു; സംഭവം യു.പിയിൽ

ലഖ്നോ: ബലാത്സംഗ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ 13കാരിയെ സ്റ്റേഷൻ ഹൗസ് ഓഫിസർ ബലാത്സംഗത്തിനിരയാക്കി. യു.പിയിലെ ലളിത്പൂരിലാണ് സംഭവം. സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ പോക്സോ കേസ് ചുമത്തിയതായും ഇയാളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

പെൺകുട്ടിയെ നാല് പേർ ചേർന്ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഏപ്രിൽ 22നായിരുന്നു ഇത്. നാല് ദിവസം തടവിലാക്കി പീഡിപ്പിച്ചതായാണ് പരാതി. പിന്നീട് പ്രതികൾ കുട്ടിയെ സ്വദേശത്തെത്തിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച് കടന്നു.

പൊലീസ് സ്റ്റേഷൻ ചുമതലയുള്ള തിലക്ധാരി സരോജ് എന്ന ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ഇവരുടെ അമ്മായിക്കൊപ്പം വിട്ടിരുന്നു. പിറ്റേന്ന് മൊഴിയെടുക്കാനായി സ്റ്റേഷനിലെത്താൻ നിർദേശിച്ചു. അമ്മായിക്കൊപ്പം സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ പൊലീസുകാരൻ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സംഘത്തെ നിയോഗിച്ചതായും ലളിത്പൂർ പൊലീസ് പറയുന്നു. 

Tags:    
News Summary - UP Girl, 13, Allegedly Raped By Cop When She Went To File Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.