കൊച്ചി: മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജ് ഹൈകോടതിയിൽ അപ്പീൽ നൽകി. വ്യക്തമായ തെളിവുകളില്ലാതെ, കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിട്ടും എതിർവാദങ്ങൾ മുഴുവൻ തള്ളിയാണ് കൊല്ലം അഡീ. സെഷൻസ് കോടതി ശിക്ഷ വിധിച്ചതെന്ന് കാട്ടിയാണ് അപ്പീൽ. ഹരജി പരിഗണിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവായി.
2020 മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്, സന്ധ്യക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിൽനിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു.
എന്നാൽ, മാപ്പുസാക്ഷി പറഞ്ഞ സത്യസന്ധമായ കാര്യങ്ങൾ കോടതി പരിഗണിച്ചിട്ടില്ലെന്നും ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. ഒട്ടേറെ സംശയങ്ങൾ കേസിൽ നിലനിൽക്കുമ്പോഴും ഇരട്ട ജീവപര്യന്തം ശിക്ഷിച്ച കൊല്ലം ജില്ല അഡീഷനല്‍ സെഷന്‍സ് ആറാം കോടതി ഉത്തരവ് തള്ളണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.