വളപട്ടണം ഐ.എസ്​ കേസ്​: ശിക്ഷ വെള്ളിയാഴ്​ച പ്രഖ്യാപിക്കും

കൊച്ചി: ഐ.എസിൽ ചേരാനായി യുവാക്കൾ സിറിയയിലേക്ക്​ കടക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കണ്ണൂർ വളപട്ടണം ഐ.എസ്​ കേസിൽ ഒന്നാം ഘട്ട വിചാരണ നേരിട്ട മൂന്ന്​ പ്രതികൾ കുറ്റക്കാരനാണെന്ന്​ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. ഒന്നാം പ്രതി കണ്ണൂർ മണ്ടേരി മിഥിലജ് (31), രണ്ടാം പ്രതി ചെക്കികുളം അബ്ദുൽ റസാഖ് (28), അഞ്ചാം പ്രതി തലശ്ശേരി ചിറക്കര യു.കെ. ഹംസ (61) എന്നിവരെയാണ്​ കോടതി കുറ്റക്കാരായി കണ്ടെത്തിയത്​.

ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്​ച പ്രഖ്യാപിക്കും. സിറിയയിലേക്ക്​ കടന്ന ഒമ്പതുപേർ കൊല്ലപ്പെടുകയും നാലുപേരെ കാണാതാകുകയും ചെയ്​തതായാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​. ഇവർക്കൊപ്പം കുറ്റപത്രത്തിൽ പ്രതിചേർത്തിരുന്ന ചെക്കികുളം അബ്ദുൽ ഖയൂം സിറിയയിൽ ഒളിവിൽ കഴിയുമ്പോൾ​ കൊല്ലപ്പെട്ടു.

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ എം.വി. റഷീദ്, മാനൗഫ് റഹ്മാൻ, കെ. അഫ്​സൽ എന്നിവരെ മാപ്പുസാക്ഷികളാക്കിയാണ്​ വിചാരണ പൂർത്തിയാക്കിയത്​. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്​തത് അടക്കം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ്​ പ്രതികളെ എൻ.ഐ.എ ജഡ്​ജി അനിൽ കെ. ഭാസ്​കർ വിചാരണ ചെയ്​തത്.

എന്നാൽ, ഭീകരസംഘടനക്കുവേണ്ടി പണം സ്വരൂപിച്ചതായുള്ള കുറ്റം പ്രതികൾക്കെതിരെ കണ്ടെത്താൻ പ്രോസിക്യൂഷന്​ കഴിഞ്ഞില്ല. എൻ.ഐ.എക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരായി. കണ്ണൂർ വളപട്ടണം ഡിവൈ.എസ്​.പിയായിരുന്ന പി.പി. സദാനന്ദനാണ്​ കേസ് രജിസ്​റ്റർ ചെയ്തത്. തുടരന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ ഡിവൈ.എസ്​.പി വി.കെ. അബ്​ദുൽ ഖാദറാണ്​ കുറ്റപത്രം സമർപ്പിച്ചത്.

സിറിയൻ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ മലയാളി യുവാക്കളെ വിദേശത്തേക്ക്​ കടത്താനുള്ള ഗൂഢാലോചനയിൽ 2016 മുതൽ പ്രതികൾ പങ്കാളികളാണെന്നായിരുന്നു എൻ.ഐ.എയുടെ ആരോപണം. സിറിയയിലേക്ക്​ സ്വയം പോകാനും യുവാക്കളെ കടത്താനും ഇവർ പദ്ധതിയിട്ടതായി എൻ.ഐ.എ ആരോപിച്ചു. പ്രതികൾ ഇറാൻവഴി തുർക്കിയിലെത്തിയിരുന്നു. അവിടെ നിന്ന്​ സിറിയയിലേക്ക്​ കടക്കാനായിരുന്നു പദ്ധതി.

മിഥിലജും റസാഖും അവിടെ പിടിയിലായി ഇന്ത്യയിലേക്ക്​ നാടു കടത്തപ്പെടുകയായിരുന്നു. വിചാരണയുടെ ഭാഗമായി 143 സാക്ഷികളെ വിസ്​തരിച്ച കോടതി 230 രേഖകളും 22 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. 2019 സെപ്റ്റംബർ 16ന്​ തുടങ്ങിയ വിചാരണ ലോക്​ഡൗണിനെത്തുടർന്ന്​ നീളുകയായിരുന്നു.

അഞ്ചു​ വർഷമായി തടവിൽ കഴിയുകയാണെന്നും ശിക്ഷയിൽ ഇളവ്​ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും ഇളവ്​ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്​.

Tags:    
News Summary - Valapattanam IS case: Three accused is guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.