തിരുവനന്തപുരം: കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
എറണാകുളം സ്വദേശിയുടെ പേരിലുള്ള കടവന്ത്രയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ പേരിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ആഴ്ച വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
സർട്ടിഫിക്കറ്റിനായി ഇന്നലെ പരാതിക്കാരൻ ചെന്നപ്പോൾ സീനിയർ ക്ലർക്കായ സുമിൻ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പരാതിക്കാരൻ ഈ വിവരം മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥ് ഐ.പി.എസിനെ അറിയിക്കുകയും ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഓഫീസിന് പുറത്തുവച്ച് 2,000 രൂപ സുമിൻ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയാണുണ്ടായത്.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർമാരായ വിമൽ, സി. വിനോദ്, സബ് ഇൻസ്പെക്ടർ സണ്ണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, ഉമേശ്വരൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിനേഷ്, പ്രിജേഷ്, സിനുമോൻ, ഷിബു എന്നിവർ അടങ്ങിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ് കുമാർ. ഐ.പി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.