തിരൂരങ്ങാടി: തിരൂരങ്ങാടി ജോയൻറ് ആർ.ടി.ഒ ഓഫിസിന് കീഴിൽ കോഴിച്ചെന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ടെസ്റ്റിന് പങ്കെടുക്കുന്നവരിൽനിന്ന് ഡ്രൈവിങ് സ്കൂൾ മുഖേന പണപ്പിരിവ് നടത്തി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നൽകുന്നെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന.
ഡ്രൈവിങ് സ്കൂളുകളിൽനിന്ന് പണപ്പിരിവ് നടത്തി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നൽകാൻ സൂക്ഷിച്ച 29,160 രൂപ വേങ്ങരയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജന്റിൽനിന്ന് പിടികൂടി. കഴിഞ്ഞ ഒരാഴ്ചയോളം വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ നിരീക്ഷണം നടത്തിയിരുന്നു.
തുടർന്ന് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് മൂന്നു വരെ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ടെസ്റ്റ് പാസാവുന്ന അപേക്ഷകരിൽനിന്ന് ഡ്രൈവിങ് സ്കൂൾ മുഖേനെ 600 രൂപ വാങ്ങി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്ന് കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു. ദിവസം ശരാശരി 120 മുതൽ 140 വരെ അപേക്ഷകൾ ഉണ്ടാവാറുണ്ട്. കൂടാതെ ഏജന്റുമാരുടെ അമിത സ്വാധീനം ടെസ്റ്റ് ഗ്രൗണ്ടിൽ കണ്ടെത്തുകയും ചെയ്തു.
പരിശോധനയിൽ ഏജൻറുമാരിൽനിന്ന് അനധികൃതമായി സൂക്ഷിച്ച ആർ.സി ബുക്കുകളും മറ്റു രേഖകളും കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് വിജിലൻസ് ഇൻസ്പെക്ടർ പറഞ്ഞു. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖിന്റെ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിരോധന. ഗസറ്റഡ് ഓഫിസറായ മൈനർ ഇറിഗേഷൻ കൊണ്ടോട്ടി സെക്ഷൻ അസി. എൻജിനീയർ മുർഷിദ തെസ്നി, എ.എസ്.ഐമാരായ പി.എൻ. മോഹന കൃഷ്ണൻ, ടി.ടി. ഹനീഫ, വി.എസ്. ഷിഹാബ്, സി.പി.ഒമാരായ പ്രജിത്, സന്തോഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.