മംഗളൂരു: മുത്തച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ അപേക്ഷകനിൽ നിന്ന് 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ചെല്യാരു വില്ലേജ് ഓഫിസർ കെ. വിജിത്താണ് അറസ്റ്റിലായത്.
മാതാവിന് അവകാശപ്പെട്ട 42 സെന്റ് സ്ഥലം വിൽപന നടത്താൻ മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകളിൽ മരണ സർട്ടിഫിക്കറ്റും ഉൾപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ അപേക്ഷ നൽകി.
പലതവണ വില്ലേജ് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ലഭ്യമായില്ല. ഈ മാസം 20ന് വിജിതിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് ശരിയായിട്ടുണ്ടെന്നും ഓഫിസിൽ ചെന്ന് കൈപ്പറ്റാനും അറിയിച്ചു.
ഏറ്റുവാങ്ങാൻ ചെന്നപ്പോൾ 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടപ്പോൾ കൈക്കൂലി തുകയിൽ 2000 രൂപയുടെ ഇളവ് അനുവദിച്ചു.
ഇത്രയുമായപ്പോൾ ലോകായുക്തയെ സമീപിച്ച അപേക്ഷകൻ അവർ അടയാളപ്പെടുത്തി നൽകിയ പണം വിജിതിന് കൈമാറുകയായിരുന്നു. പിന്നാലെ പിടി വീഴുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.