തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളിക്കോണം സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പ്രതി തമിഴ്നാട്ടില്‍ ചെയ്ത മൂന്ന് കൊലപാതകങ്ങളുമെന്ന് ഫോറന്‍സിക് വിദഗ്ധന്‍. ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. പ്രസൂണ്‍ മോഹനന് മുന്നിലാണ് കന്യാകുമാരി ആശാരിപള്ളം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധനായ ഡോ. ആര്. രാജ മുരുഗന് മൊഴി നല്‍കിയത്.
കന്യാകുമാരി തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഒാഫിസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്തത് ഡോ. രാജ മുരുഗന് ആയിരുന്നു. കോടതിയില്‍ കാണിച്ച വിനീതയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും താന്‍ തമിഴ്നാട്ടില്‍ ചെയ്ത മൂന്ന് പോസ്റ്റ്മാര്‍ട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണ്.
ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാന്‍ സ്വനപേടകത്തിന് മുറിവേല്‍പ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലത്തേതാണെന്ന് ഡോക്ടര്‍ മൊഴി നല്കി. ഇരയുടെ പിറകിലൂടെ എത്തി കഴുത്തില്‍ കത്തി കുത്തിയിറക്കി ആഴത്തില്‍ മുറിവുണ്ടാക്കുന്നത് മരണകാരണമായി തീരുമെന്നും ഡോക്ടര്‍ മൊഴി നല്കി.
കൊല്ലപ്പെട്ട സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകത്തിലെ പ്രതിയാണ് കോടതിയില്‍ ഉള്ളതെന്ന് പ്രസ്തുത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച തമിഴ്നാട് സി.ബി.സി.ഐ.ഡി ഇന്‍സ്പെക്ടര്‍ എന്‍. പാര്‍വതിയും മൊഴി നല്കി. പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനാണ് തമിഴ്നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെയും വിളിച്ചുവരുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിയുടെ കൊലപാതകത്തിലെ സമാനരീതികളും പ്രതി സ്വര്‍ണത്തിന് വേണ്ടിയാണ് മൂന്ന് കൊലപാതകങ്ങളും ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു സാക്ഷികളെ തമിഴ്നാട്ടില്‍നിന്ന് എത്തിച്ചത്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കനത്ത പൊലീസ് നിരീക്ഷണത്തിലിരിക്കെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ കൊലപാതകം നടന്നത്. പേരൂര്‍ക്കടയിലെ അലങ്കാരചെടി വില്പനശാലയിലെത്തിയ തമിഴ്നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന് ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയശേഷം അവരുടെ നാലരപവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുകയായിരുന്നു. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ തോവാള കാവല്‍കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.