ആറ്റിങ്ങൽ: ഓണാഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ പിടിയിൽ. അഴൂർ കാറ്റാടിമുക്ക് ഓമന നിവാസിൽ ഹരീഷ് (21), ശാർക്കര കുറ്റിയത്ത് മുക്ക് ചിറയിൽ തൂമ്പടിയിട്ടയിൽ വീട്ടിൽ ബിപിൻ (23), ശാർക്കര മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപം ആദിത്യ നിവാസിൽ വിജയചന്ദ്രൻ ആദിത്യൻ (23) എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴ് കൂന്തള്ളൂർ കൂട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾക്കിടെ 11ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മദ്യപിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്യുകയും അതു ചോദ്യംചെയ്ത സംഘാടകരെയും നാട്ടുകാരെയും ആക്രമിക്കുകും ചെയ്തെന്നാണ് കേസ്. ഇരുമ്പു പൈപ്പ്, ബേസ്ബാൾ സ്റ്റിക്ക് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്ലബ് പ്രസിഡന്റ് അച്ചുലാലിനെയും സംഘം മണിലാലിനെയും തലക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. സമീപവാസി പ്രമോദിന്റെ കൈ അടിച്ചൊടിക്കുകയും കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു. മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും സ്ഥലത്തെ വെയിറ്റിങ് ഷെഡിനും നാശനഷ്ടമുണ്ടാക്കി.
ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ മേൽനോട്ടത്തിൽ ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷ്, സബ് ഇൻസ്പെകടർ അമിർത് സിങ് നായകം, ജൂനിയർ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐമാരായ നവാസ്, അരുൺകുമാർ, സി.പി.ഒമാരായ ജയ്സൺ, മനോജ്, മണിയൻ, മുസമ്മിൽ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.