കൊരട്ടി: ജർമനിയിൽ നഴ്സിങ് പഠനത്തിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ ഋഷികേശ് (29) അറസ്റ്റിലായി. വിദേശത്തും ഡൽഹിയിലും കൊൽക്കത്തയിലും മറ്റും ഒളിവിൽ കഴിഞ്ഞുവരവേ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ, മുംബൈ വിമാനത്താവളത്തിൽനിന്ന് അർമേനിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എമിഗ്രേഷൻ വിഭാഗം പിടികൂടി കൊരട്ടി പൊലീസിന് കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷവർമ ഒളിവിലാണ്.
കൊരട്ടി സ്വദേശിനിയുടെ കൈയിൽനിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ കണ്ണികളിലൊരാളായ കൂത്താട്ടുകളം തിരുമാറാടി ഗ്രേസി മത്തായിയെ (52) ഒരുവർഷം മുമ്പ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിശ്വാസ്യത ലഭിക്കാൻ ഇയാൾ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഓഫറിങ് ലെറ്റർ, ഡോക്യുമെന്റേഷൻ, ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് മുഖ്യപ്രതികളായ ഋഷികേശും ഉഷവർമയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം അടപ്പിച്ചത്. ലെറ്ററുകളും രേഖകളും ജർമനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നും യൂനിവേഴ്സിറ്റികളിൽനിന്നും ഉള്ളതാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
ജർമൻ ഭാഷ പഠിപ്പിക്കാനും വിസ ഇന്റർവ്യൂവിനുമാണ് തുകയിൽ ഒരുപങ്ക് ഇവരുടെ നിർദേശാനുസരണം കേസിലെ മൂന്നാം പ്രതി ഗ്രേസി മത്തായി വാങ്ങിയത്. വിസക്കായുള്ള കാത്തിരിപ്പ് വർഷങ്ങളോളം നീളുമ്പോൾ പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടാൽ അവധികൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതാണ് സംഘത്തിന്റെ രീതി. വിദേശത്ത് ജോലി ചെയ്യുന്ന പ്രതിയുടെ പിതാവും അമ്മാവനും പണം തിരിച്ചുതരാൻ സന്നദ്ധത അറിയിച്ച് രംഗത്തുവരുകയും ബാങ്ക് വായ്പ എടുക്കാനുള്ള സാവകാശം ചോദിച്ച് നീട്ടിക്കൊണ്ടുപോകുകയും ചെയ്യും. ഇതിനിടെ, ഉഷവർമ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇവർ മുങ്ങുകയായിരുന്നു. ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരാകാൻ പ്രതികൾ കൂട്ടാക്കിയില്ല. ഇവർക്കെതിരെ അറസ്റ്റ് വാറന്റും നിലനിൽക്കുന്നുണ്ട്.
ഋഷികേശും ഉഷവർമയും നിരവധി ആളുകളിൽനിന്ന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി ലഭിച്ചതായി കൊരട്ടി സി.ഐ ബി.കെ. അരുൺ പറഞ്ഞു. ചാലക്കുടി സ്റ്റേഷനിലും മറ്റും ഇവർക്കെതിരെ കേസുകളുണ്ട്. മുംബൈയിൽനിന്ന് കൊരട്ടി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സി.ഐക്ക് പുറമെ എസ്.ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, എം.വി. സെബി, സീനിയർ സി.പി.ഒമാരായ എം. മനോജ്, നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.