തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ട്രാവൽ ഏജൻസിയിൽ പൊലീസ് റെയ്ഡ് നടത്തി. തളിപ്പറമ്പ് ചിറവക്ക് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ പൂട്ടിയിട്ട സ്ഥാപനത്തിൽ നിന്ന് ഒരു ലാപ്ടോപും ചില രേഖകളും കണ്ടെടുത്തു. ഇത് പൊലീസ് പരിശോധിച്ചുവരുകയാണ്.
തളിപ്പറമ്പിലെ സ്റ്റാർ ഹൈറ്റ് ട്രാവൽ ഏജൻസി നടത്തിപ്പുകാർ നൂറിലേറെ പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് സംബന്ധിച്ച് പരാതികളുണ്ട്. ബുധനാഴ്ച തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മാത്രം ആറ് പരാതികൾ ലഭിച്ചു.
പുളിമ്പറമ്പ് കരിക്കാപ്പാറയിൽ അടുത്തകാലത്തായി താമസം തുടങ്ങിയ കണ്ണപ്പിലാവ് സ്വദേശികളായ പി.പി. കിഷോർ കുമാർ, സഹോദരൻ കിരൺ കുമാർ എന്നിവരാണ് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. 2021 സെപ്റ്റംബറിൽ തുടങ്ങിയ സ്ഥാപനം ബ്രിട്ടൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.
പണം നൽകിയവർ വിസ ലഭിക്കാതായതോടെ അന്വേഷണം ആരംഭിച്ചതോടെ ഇരുവരും നാടുവിട്ടു. പണം നൽകിയ വയനാട് ബത്തേരി തൊടുവട്ടി സ്വദേശി മൂത്തേടത്ത് ടോമി (26) കഴിഞ്ഞദിവസമാണ് എറണാകുളത്ത് വെച്ച് ആത്മഹത്യ ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ് ട്രാവൽസിൽ പൊലീസ് റെയ്ഡ് നടത്തിയത്. എസ്.ഐ ദിനേശൻ കൊതേരിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.